
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്. യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചതിനാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന പരാതി ഉയര്‍ന്നിരുന്നു. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോൻ പരാതി നല്‍കിയത്.
2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു, ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം. നേരത്തെ മുകേഷടക്കം 7 പേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam