
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ ഹരികുമാറിന് മാനസിക പ്രശ്നമുണ്ടെന്നും ഇതിനാൽ തന്നെ പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും പൊലീസ്. അഞ്ചു വര്‍ഷത്തോളമായി ചില മാനസിക പ്രശ്നങ്ങള്‍ക്ക് ഹരികുമാര്‍ ചികിത്സയിലാണെന്ന് തിരുവനന്തപുരം റൂറൽ എസ്‍പി സുദര്‍ശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് മാനസിക സ്ഥിരതയില്ലാത്തത് കേസ് അന്വേഷണത്തിന് വെല്ലുവിളിയാണ്. കൊലപാതകത്തിൽ ഹരികുമാറിന് മാത്രമാണ് പങ്കെന്ന് പറയാറായിട്ടില്ല.
കൂടുതൽ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്. കസ്റ്റഡിയിലെടുത്ത ജോത്സ്യന്‍ ദേവീദാസന് പങ്കുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. മാനസിക സ്ഥിരതയില്ലാത്തതിനാൽ കൊലയുടെ കാരണം ഉള്‍പ്പെടെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഫോറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെ വരേണ്ടതുണ്ട്. ഹരികുമാര്‍ ജോത്സ്യന്‍റെ വീട്ടിൽ ഒന്നര വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അനുസരണയില്ലാത്തതിനാൽ പറഞ്ഞയച്ചുവെന്നാണ് ജോത്സ്യന്‍റെ മൊഴി.
ജോലി ചെയ്തതിന്‍റെ ശമ്പളം വാങ്ങാൻ ഹരികുമാറിന്‍റെ അമ്മയും സഹോദരിയുമാണ് വന്നിരുന്നത്. കൊല ചെയ്തത് ഹരികുമാറാണെന്ന് വ്യക്തമായിട്ടുണ്ട്. മറ്റു തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വോയ്സ് മെസേജുകളാണ് ഹരികുമാര്‍ കുട്ടിയുടെ അമ്മയായ ശ്രീതുവിന് അയച്ചിട്ടുള്ളത്. ഇതിന്‍റെ ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന ഫലം വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയായ ശ്രീതു രണ്ടാഴ്ച മുമ്പ് ജോത്സ്യനെതിരെ 36 ലക്ഷം രൂപ തട്ടിയെന്ന പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദേവീദാസനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
എന്നാൽ, സാമ്പത്തിക തട്ടിപ്പ് ആരോപണം ദേവീദാസൻ നിഷേധിച്ചു. ഹരികുമാര്‍ ആറു വര്‍ഷത്തോളമായി ചികിത്സയിലാണെന്ന് അമ്മയും മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്കുള്ള കാരണം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും റൂറൽ എസ്‍പി സുദര്‍ശൻ പറഞ്ഞു.അതേസമയം, കൊലപാതകത്തിന് കാരണമായി വിചിത്ര മൊഴിയാണ് പ്രതി നൽകിയത്. കുഞ്ഞിനെ കൊന്നത് ഉള്‍വിളി തോന്നിയതുകൊണ്ടാണെന്നാണ് പ്രതി ഹരികുമാറിന്‍റെ മൊഴി. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ദേവേന്ദുവിന്‍റെ കൊലപാതകത്തിൻറെ കാരണം രണ്ടാം ദിവസവും പൊലീസിന് കണ്ടെത്താനായിട്ടില്ല. കൂടുതൽ മൊഴികള്‍ പുറത്തുവന്നതോടെ കൊലപാതകത്തിൽ ദുരൂഹതയേറുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam