ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളുമോ? പ്രതിഷേധവുമായി നാട്ടുകാർ

Published : Sep 04, 2019, 05:24 PM ISTUpdated : Sep 04, 2019, 06:10 PM IST
ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളുമോ? പ്രതിഷേധവുമായി നാട്ടുകാർ

Synopsis

റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കുകയാണ്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരില്‍ കണ്ടു.

വനയാട്: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം പകലത്തേക്കും നീട്ടാൻ ആലോചന. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയ പാത 766 ല്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പാത കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി.

ഈ സാഹചര്യത്തില്‍ നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി-  കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പുര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടി. നാലാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.

റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കുകയാണ്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരില്‍ കണ്ടു. വിഷയത്തില്‍ അടിയന്തിരമായ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും വിവിധ രാഷ്ട്രീയകക്ഷികളും നാട്ടുകാരുമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ്. ഈവരുന്ന സെപ്റ്റംബർ അഞ്ചിന് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളിച്ച് കൂട്ട ഉപവാസം സംഘടിപ്പിക്കാനാണ് ബത്തേരിയില്‍ ചേർന്ന ജനകീയ സമിതിയുടെ തീരുമാനം.

അതേസമയം, പാതയില്‍ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതിനോട് യോജിക്കില്ലെന്ന് കേസില്‍ സംസ്ഥാന സർക്കാറിന്‍റെ എതിർകക്ഷിയായ വയനാട് പ്രകൃതി സംരക്ഷണസമിതി വ്യക്തമാക്കി. പൂർണയാത്രാ നിരോധനം ജനങ്ങളില്‍ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങള്‍ക്കെതിരായ വികാരം സൃഷ്ടിക്കും. കേസില്‍ അനാവിശ്യ വാദങ്ങളുന്നയിച്ച് സർക്കാരാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണക്കാരെന്നും പ്രകൃതി സംരക്ഷണസമിതി ഭാരവാഹികള്‍ ആരോപിച്ചു.

ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 2010 ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്തഭീഷണിയുയര്‍ത്തുന്നു എന്നതായിരുന്നു പ്രധാന കാരണം.മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി എന്നിവരാണ് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനവാസ മേഖലയിൽ കരടിയും കുട്ടി കരടിയും; ഭക്ഷണം തേടി ഇറങ്ങിയതാവാമെന്ന് വനംവകുപ്പ്
മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പൊലീസ് കേസ്