കെഎസ്ഇബി പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ ബംഗ്ലാദേശ് സംഘം കേരളത്തില്‍

By Web TeamFirst Published Nov 30, 2019, 4:59 PM IST
Highlights

ബംഗ്ലാദേശില്‍ സൗരോര്‍ജ്ജ പ്ലാന്‍റുകള്‍  സ്ഥാപിക്കുന്നതിനായുള്ള കാര്യങ്ങള്‍ വിശദമായി  മനസിലാക്കുന്നതിനായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ സംഘം കെഎസ്ഇബിയില്‍ എത്തിയത്

തിരുവനന്തപുരം: കേരളത്തില്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗരോര്‍ജ്ജ  പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനായി ബംഗ്ലാദേശ് സര്‍ക്കാരിന്‍റെ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തി. വൈദ്യുതി ഭവന്‍ ആസ്ഥാനത്ത് റീസ്  ചീഫ് എന്ജിനനീയര്‍ വി കെ ജോസഫിന്റെ നേതൃത്വത്തില്‍ സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തി. കെഎസ്ഇബി സ്വന്തമായി നടപ്പാക്കിയ സൗരോര്‍ജ്ജ പ്ലാന്‍റുകള്‍ സംഘം നേരിട്ട് സന്ദര്‍ശിച്ച് പഠനവും നടത്തി.

ബംഗ്ലാദേശില്‍ സൗരോര്‍ജ്ജ പ്ലാന്‍റുകള്‍  സ്ഥാപിക്കുന്നതിനായുള്ള കാര്യങ്ങള്‍ വിശദമായി  മനസിലാക്കുന്നതിനായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ സംഘം കെഎസ്ഇബിയില്‍ എത്തിയത്. നേരത്തെ, സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഊർജ്ജ രംഗത്ത് മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞിരുന്നു. 

ജലവൈദ്യുതി പദ്ധതികൾക്കുള്ള സാധ്യതകൾ ഇനി കുറവാണ്. താപനിലയവും ലാഭകരമല്ല. കൽക്കരിയിൽ നിന്നുള്ള ഊർജ്ജവും കേരളത്തിന്റെ ഭൂപ്രകൃതിയിൽ നടപ്പാനാവില്ല. അത്തരത്തിൽ പ്രശ്നങ്ങളൊന്നും സൗരോർജ്ജ ഉത്പാദനത്തിലില്ല. പുരപ്പുര പ്ലാൻറുകൾ അനവധി സ്ഥാപിക്കാനാകും.

ഉപയോഗശൂന്യമായ ഭൂമി, സർക്കാർ കെട്ടിടങ്ങൾ, സ്വകാര്യ കെട്ടിടങ്ങൾ തുടങ്ങിയവയിൽ സൗരോർജ്ജ ഉത്പാദനത്തിന് ഏറെ സാധ്യതയുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താനാണ് സർക്കാരും അനെർട്ടും ലക്ഷ്യമിടുന്നത്. വാട്ടർ അതോറിറ്റിയുടെ സ്ഥലം, ജലസംഭരണികൾ തുടങ്ങിയവയിലൂടെ സൗരോർജ്ജ ഉത്പാദനം വർധിപ്പിക്കാനാകും. ഇതിനായാണ് ഈ മേഖലയിലുള്ളവരുടെ സഹകരണവും അഭിപ്രായവും സർക്കാർ ആരായുന്നതെന്നും മന്ത്രി പറഞ്ഞു.

click me!