അഴിമതി മറയ്ക്കാന്‍ അയ്യപ്പന്‍ ശരണം! പിഎഫ് തുക ബോണ്ടിലിട്ടതിന് വിചിത്രവാദവുമായി ദേവസ്വം ബോർ‍ഡ്

By Web TeamFirst Published Apr 27, 2019, 6:23 PM IST
Highlights

ജീവനക്കാരുടെ പി എഫ് തുക ബോണ്ടിൽ നിക്ഷേപിച്ചതിൽ ശബരിമല അയ്യപ്പനെ പഴിചാരി ദേവസ്വം ബോർഡ്. എല്ലാ അയ്യപ്പൻ ചെയ്യിച്ചതെന്നാണ് ബോർ‍ഡിന്‍റെ വാദം.

കൊച്ചി: ജീവനക്കാരുടെ പി എഫ് തുക കടപ്പത്രത്തിൽ നിക്ഷേപിച്ച സംഭവത്തിൽ ശബരിമല അയ്യപ്പനെ പഴിചാരി രക്ഷപെടാൻ തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിന്‍റെ ശ്രമം. പ്രളയവും ശബരിമല സ്ത്രീപ്രവേശനവിധിയും അയ്യപ്പൻ മുൻകൂട്ടി കണ്ടിരുന്നെന്നും അതിനുളള പ്രതിവിധിയായിട്ടാണ് 150 കോടി കടപ്പത്രത്തിൽ നിക്ഷേപിച്ചതെന്നുമാണ് ബോർ‍ഡ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ജീവനക്കാരുടെ പി എഫ് തുക ധനലക്ഷ്മി ബാങ്കിന്‍റെ കടപ്പത്രത്തിൽ നിക്ഷേപിച്ചത് ചോദ്യം ചെയ്തുളള ഹർജിയിലാണ് വിചിത്രമായ മറുപടി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്. ശബരിമലയാണ് ദേവസ്വം ബോർഡിന്‍റെ പ്രധാന വരുമാന മാ‍ര്‍ഗ്ഗം. നൂറ്റാണ്ടിനിടെയുണ്ടായ പ്രളയവും സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയും ബോർഡിന് അപ്രതീക്ഷിതമായിരുന്നു. എന്നാൽ, ശബരിമല അയ്യപ്പൻ എല്ലാം മുൻകൂട്ടി കണ്ടെന്നാണ് ദേവസ്വം ബോർഡിന്‍റെ കണ്ടെത്തൽ. അതുകൊണ്ടാണ് ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി മുന്നിൽക്കണ്ട് അയ്യപ്പൻ തങ്ങളെക്കൊണ്ട് പി എഫ് തുക കടപ്പത്രത്തിൽ നിക്ഷേപിപ്പിച്ചത്. 

ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അയ്യപ്പൻ തന്നെ തുറന്ന വഴിയാണ് ധനലക്ഷ്മി ബാങ്കിലെ ഈ നിക്ഷേപമെന്നുമാണ് ബോർഡ് സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരിക്കുന്നത്. 150 കോടിയുടെ പി എഫ് നിക്ഷേപം പിൻവലിച്ചായിരുന്നു ധനനക്ഷ്മി ബാങ്കിന്‍റെ ബോണ്ടിൽ നിക്ഷേപിച്ചത്. ബോർഡിന്‍റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അപകടകരമാണെന്ന് ഓഡിറ്റ് വിഭാഗവും നേരത്തെ കണ്ടെത്തിയിരുന്നു. പിഎഫ് തുക ബോണ്ടിലും മറ്റ് നിക്ഷേപിക്കുന്നത് അത്ര സുരക്ഷിതമല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഉയർന്ന പലിശ നിരക്ക് ലഭിക്കാൻ മറ്റ് ബദൽ നിക്ഷേപ മാർഗങ്ങളില്ലെന്ന മറുപടിയാണ് ബോർഡ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്. 

click me!