
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ്. ബാങ്ക് ചെയർമാൻ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ എസ് പ്രദീപ് അറിയിച്ചു. അടിയന്തര സഹായമായി സർക്കാർ ദുരിതബാധിതർക്ക് നൽകിയ 10,000 രൂപയിൽ നിന്ന് 5,000 രൂപ വരെ പലരിൽ നിന്നും ബാങ്ക് പിടിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' മൂന്നാം ലൈവത്തോണിലാണ് പ്രദീപിന്‍റെ പ്രതികരണം.
നാളെ തിരുവനന്തപുരത്ത് എസ്എൽബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്ന് പ്രദീപ് പറഞ്ഞു. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കും. വായ്പകൾ സംബന്ധിച്ച് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നാളെ സുപ്രധാന തീരുമാനമെടുക്കും. വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. അതിൽക്കൂടുതൽ എന്ത് ചെയ്യാനാവുമെന്ന് നാളെ കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും കെ എസ് പ്രദീപ് വ്യക്തമാക്കി.
മൊറട്ടോറിയമല്ല, വായ്പകൾ പരമാവധി എഴുതിത്തള്ളണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് മരയ്ക്കാർ പറഞ്ഞു. ആളുകളുടെ കയ്യിൽ ഇനിയാകെ ബാക്കിയുള്ളത് സർക്കാർ നൽകിയ 10,000 രൂപ മാത്രമാണ്. അതിൽനിന്ന് പിടിച്ച തുക തിരിച്ച് നൽകണം. അതോടൊപ്പം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് വായ്പകൾ പരമാവധി എഴുതിത്തള്ളണമെന്നും ഷംഷാദ് മരയ്ക്കാർ ആവശ്യപ്പെട്ടു.
ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് മന്ത്രി വി എൻ വാസവനും ആവശ്യപ്പെട്ടു. മറ്റ് ബാങ്കുകൾ കേരള ബാങ്കിന്റെ മാതൃക പിന്തുടരണം. കഴിഞ്ഞ ദിവസം ദുരിതബാധിതരായ ആളുകളുടെ ഇഎംഐ പിടിച്ച ഗ്രാമീൺ ബാങ്ക് നടപടി വളരെ ക്രൂരമായിപ്പോയെന്നും മന്ത്രി പ്രതികരിച്ചു. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സഹായത്തിൽ നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോകുന്ന രീതി ശരിയല്ല. അത്തരത്തിലുള്ള സമീപനത്തിലേക്ക് ഏത് ബാങ്ക് മാനേജരോ മാനേജ്മെന്റോ വന്നാലും അതിനോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല. ഇത് എസ്എൽബിസിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി വാസവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam