
ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണ വിധേയനായ എ. ഷാനവാസിന് ആലപ്പുഴ നഗരസഭയിൽ സീറ്റ് നൽകി സിപിഎം. തോണ്ടൻകുളങ്ങര വാർഡിലാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. 2023 ജനുവരിയിലാണ് ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ ലോറിയിൽ നിരോധിത പുകയില കടത്തിയത്. തന്‍റെ ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസിന്‍റെ വിശദീകരണം. ഇതിനു പിന്നാലെ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ പാർട്ടി പുറത്താക്കിയിരുന്നു.
പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും വാടകയ്ക്ക് നൽകിയ ലോറിയിൽ പുകയില കടത്ത് നടന്നതുമായിരുന്നു പാർട്ടി നടപടിക്ക് കാരണമായത്. പാർട്ടി പുറത്താക്കിയ എ. ഷാനവാസ് ഏതാനും മാസം മുൻപ് അംഗത്വം പുനസ്ഥാപിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. അംഗത്വം നൽകാമെന്ന് ആലപ്പുഴ ഏരിയ കമ്മിറ്റി ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ ഒരു വിഭാഗം പാർട്ടി അംഗങ്ങൾ രംഗത്ത് എത്തിയതോടെ വിഷയം വിവാദമായി. നിലവിൽ ഷാനവാസിന് പാർട്ടി അംഗത്വം ഇല്ല. എന്നാൽ, പാർട്ടി ചിഹ്നത്തിലാണ് തോണ്ടൻകുളങ്ങര വാർഡിൽ നിന്ന് മത്സരിക്കുന്നത്. നേരത്തെ ആലപ്പുഴ നഗരസഭയിലെ കാളാത്ത് വാർഡിലെ കൗൺസിലർ ആയിരുന്നു ഷാനവാസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam