തൊണ്ടിമുതലിൽ കൃത്രിമത്വം; ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാൻ ബാർ കൗൺസിൽ, അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാൻ നീക്കം

Published : Jan 05, 2026, 08:19 AM ISTUpdated : Jan 05, 2026, 01:07 PM IST
antony raju

Synopsis

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ആന്റണി രാജുവിന്റെ നടപടി നാണക്കേട് എന്ന് ബാർ കൗൺസിൽ പ്രസിഡന്റ് ടി എസ് അജിത് ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. ആന്‍റണി രാജുവിനെതിരെ സ്വമേധയാ കേസ് എടുക്കും. അടുത്ത കൗൺസിൽ വിഷയം പരിഗണിച്ച് അച്ചടക്ക സമിതിയ്ക്ക് വിടുമെന്ന് ബാർ കൗൺസിൽ  പ്രസിഡന്‍റ് അഡ്വ ടി.എസ് അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. നടപടികളുടെ ഭാഗമായി ആൻ്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. കോടതിയിലുള്ള തെളിവിൽ അട്ടിമറി നടത്തിയ  ആൻ്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണെന്ന് ബാർ കൗൺസിലിൻ്റെ വിലയിരുത്തൽ. കേസിൽ മൂന്നുവർഷം തടവിനാണ് ആൻ്റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജുവിന് തടവും പിഴയും വിധിച്ചത്. കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസിനും ഉദ്യോഗസ്ഥ വഞ്ചനക്ക് ഒരു വർഷം അധിക തടവും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. തൊണ്ടിമുതൽ അട്ടിമറി കേസിൽ കുറ്റപത്രം നൽകി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എൽഡിഎഫ് നേതാവ് പ്രതിയായ കേസിൽ വിധി വരുന്നത്. കോടതി വിധിയോടെ ആൻറണി രാജു അയോഗ്യനായി. 

അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ  സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻറണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്. 1990 ഏപ്രില്‍ 4നായിരുന്നു പിടിയിലായത്.  നീതിന്യായ വ്യവസ്ഥയിലെ അത്യപൂർവ്വ കേസിൻെറ വിധിയാണ് 19 വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസട്രേറ്റ് കോടതിയിൽ നിന്നും ഉണ്ടായത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻറണി രാജു തൊണ്ടി ക്ലർക്കിൻെറ സഹായത്തോടെ കോടതിയിൽ നിന്നു പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു.  

തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച് നാലു വർഷത്തിന് ശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെ വിട്ടു.  ഈ കേസിൽ തെളിവ് നശിപ്പിക്കൽ, കള്ളതെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന,  വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്ക് ആൻറണി രാജുവിനെയും ജോസിനെയും കോടതി ശിക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനക്ക് ക്ലർക്കായ ജോസിനെ മാത്രമാണ് ഒരു വ‍ർഷം ശിക്ഷിച്ചത്. മററ് വകുപ്പുകളിൽ തെളിവ് നശിപ്പിച്ചതിന് മൂന്നു വ‍ർഷവും 10,000 രൂപയും ഗൂഢാലോചന ആറുമാസവും കള്ളതെളിവ് ഉണ്ടാക്കിയതിന് മൂന്നു വർഷവും  വ്യാജ രേഖയുണ്ടാക്കിയതിന് രണ്ടു വർഷവുമാണ് ശിക്ഷിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാൽ ജീവപര്യന്തം ശിക്ഷവരെ ലഭിക്കുമായിരുന്നു. അതിനാൽ ശിക്ഷ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയിൽ കേള്‍ക്കണമെന്ന ്പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

അട്ടിമറി വ്യക്തമായതോടെ ലഹരിക്കേസ് അന്വേഷിച്ച  മുൻ എസ്പി ജയമോഹൻ നടത്തിയ നിയപോരാട്ടത്തിനൊടുവിലാണ് വഞ്ചിയൂർ പൊലിസ് കേസെടുത്തത്. നിരവധി പ്രാവശ്യം അന്വേഷണം അട്ടിമറിക്കപ്പെട്ടു. 2005ൽ ഉത്തരമേഖല ഐജിയായിരുന്ന സെൻകുമാറിൻെറ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സുപ്രീം കോടതിവരെ ജയമോഹൻ നിയമപരാട്ടം നടത്തിയിരുന്നു. വിദേശിയായ പ്രതി ശിക്ഷിക്കപ്പെട്ടപ്പോള്‍ താനൊരു ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആൻറണി രാജു കോടതി വരാന്തയിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതാണ് സംശയം വർദ്ധിച്ചതും തുടർന്നുള്ള അന്വേഷണത്തിന് ഇടയാക്കിയതും.

മജിസ്ട്രേറ്റ് കോടതിക്ക് നൽകാവുന്ന പരമാവധി ശിക്ഷയായ മൂന്നു വർഷം ലഭിച്ചതിനാൽ ആൻറണി രാജുവിന് ജാമ്യം ലഭിച്ചു. രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടതോടെ ആൻറണി രാജുവിൻെറ അയോഗ്യനായി. തെരെഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനും കഴിയില്ല. സ്റ്റേ വാങ്ങിയാലും അയോഗ്യത നീങ്ങില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ആൻറണി രാജു ഉടൻ അപ്പീൽ നൽകും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശനെതിരായ സിബിഐ അന്വേഷണ ശുപാർശ; വിജ്ഞാപനത്തിൽ തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് സർക്കാർ വൃത്തങ്ങള്‍
സംസ്ഥാനത്ത് യുഡിഎഫ് വൻ വിജയം നേടുമെന്ന് സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട്; ജയസാധ്യതയുള്ളത് 90 സീറ്റുകളിൽ