ഇരട്ടി വിലയ്ക്ക് മദ്യവില്‍പ്പന; ബാർ മാനേജറും സഹായിയും അറസ്റ്റിൽ, 67 കുപ്പി പിടിച്ചെടുത്തു

By Web TeamFirst Published Apr 15, 2020, 4:57 PM IST
Highlights
ലോക്ക് ഡൗൺ അവസരമാക്കി 1500 രൂപയുടെ മദ്യത്തിന് 3500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. 
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് അനധികൃത മദ്യവില്പന നടത്തിയ ബാർ മാനേജറും സഹായിയും അറസ്റ്റിൽ. പാമ്പാക്കുടയിലെ ബാർ ഹോട്ടൽ മാനേജർ പിറവം സ്വദേശി എം സി ജയ്സൺ, വിൽപ്പനയിൽ സഹായിച്ച കൂത്താട്ടുകുളം വടകര സ്വദേശി ജോണിറ്റ് ജോസ് എന്നിവരാണ് അറസ്റ്റിലായത്. 

വാടകവീട്ടിൽ സൂക്ഷിച്ചാണ് മദ്യം ഇയാൾ ഇരട്ടി വിലയ്ക്ക് വിറ്റഴിച്ചത്. 67 കുപ്പി മദ്യം എക്സൈസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലോക്ക് ഡൗൺ അവസരമാക്കി 1500 രൂപയുടെ മദ്യത്തിന് 3500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. കുത്താട്ടുകുളം യുപി സ്കൂളിന് സമീപത്തെ വാടകവീട്ടിൽ വെച്ചായിരുന്നു വില്പന. 

ജയ്സൺ ജോലി ചെയ്തിരുന്ന ബാറിൽ നിന്നാണോ മദ്യം എത്തിച്ചതെന്ന് എക്സൈസ് പരിശോധിച്ച് വരികയാണ്.ഈസ്റ്റർ വിഷു ദിവസങ്ങളിൽ നിരവധി പേർ ഇവരിൽ നിന്ന് മദ്യം വാങ്ങാനെത്തിയിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർ  നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
click me!