പൊലീസുകാർക്ക് കൊവിഡ്: സംഭവിച്ചത് ​ഗുരുതരവീഴ്ച, കളക്ടർക്കെതിരെ എംഎൽഎ

By Web TeamFirst Published May 14, 2020, 3:20 PM IST
Highlights

കൊവിഡ് സ്രവ പരിശോധനക്ക് വിധേയമാക്കപ്പെട്ട പൊലീസുകാർ ഡ്യൂട്ടി ചെയ്യേണ്ടി വന്നത് ​ഗുരുതര വീഴ്ചയാണ്. രോ​ഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കാത്തത് അടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി സർക്കാർ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

വയനാട്: വയനാട് ജില്ലാ കളക്ടർക്കെതിരെ രൂക്ഷവിമർശനവുമായി ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രം​ഗത്ത്. കൊവിഡ് സ്രവ പരിശോധനക്ക് വിധേയമാക്കപ്പെട്ട പൊലീസുകാർ ഡ്യൂട്ടി ചെയ്യേണ്ടി വന്നത് ​ഗുരുതര വീഴ്ചയാണ്. വയനാട്ടിൽ സ്ഥിതി ആശങ്കാജനകമാണെന്ന് നേരത്തെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. രോ​ഗികളുടെ റൂട്ട് മാപ്പ പുറത്തിറക്കാത്തത് അടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി സർക്കാർ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഇന്നലെയാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് മാർക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പകർന്നയാളുമായി സമ്പർക്കത്തിലേർപ്പെട്ട പൊലീസുകാർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്.  ഇവർ മലപ്പുറം, കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്താദ്യമായാണ് പൊലീസുദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്ക് കോവിഡ് 19  സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും  ജാഗ്രതയോടെ ഒത്തൊരുമിച്ചു ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു നിര്‍ഭയമായിത്തന്നെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. കൊവിഡ് പ്രതിരോധത്തിന്‍റെ  ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രതിരോധ കിറ്റുകളും പൊലീസിന് ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് ബാധ തടയുന്നത്  പരമാവധി  കുറയ്ക്കുവാന്‍ കഴിഞ്ഞത്. ജോലിയുടെ പ്രത്യേകത കൊണ്ടുതന്നെ  ലോകത്തെമ്പാടും ധാരാളം പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരേസമയം ഒന്നിലധികം അസുഖങ്ങള്‍ ഉള്ള പൊലീസുദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി വിദഗ്ധരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു

click me!