മുഖ്യമന്ത്രിയെയും പ്രശാന്തിനെയും അഭിനന്ദിച്ച തുഷാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രവർത്തകനെ ബിഡിജെഎസ് പുറത്താക്കി

By Web TeamFirst Published Oct 25, 2019, 11:56 AM IST
Highlights

പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതെന്നായിരുന്നു പോസ്റ്റ്.

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിജയി വി കെ പ്രശാന്തിനെയും അഭിനന്ദിച്ച് പോസ്റ്റിട്ട പ്രവർത്തകനെ ബി‍ഡിജെഎസിൽ നിന്ന് പുറത്താക്കി. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരൺ ചന്ദ്രനെ ആണ് ബിഡിജെഎസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ നടപടിക്ക് പുറത്താക്കിയെന്നാണ് വിശദീകരണം. 

ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ആണ് തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ വികെ പ്രശാന്തിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ചിത്രം പങ്കുവച്ചുള്ള ആദ്യ പോസ്റ്റ്.

പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്നായിരുന്നു ചിത്രത്തിന് ഒപ്പം പങ്കുവെച്ച കുറിപ്പ്. 

Read More: പ്രശാന്തിനെ അഭിനന്ദിച്ചുള്ള പോസ്റ്റ് പിൻവലിച്ച് തുഷാർ; പോസ്റ്റ് ഇട്ടത് പേജ് നോക്കുന്ന വ്യക്തി എന്ന് തുഷാർ വെള്ളാപ്പള്ളി

പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തുഷാർ വെള്ളാപ്പള്ളി പിൻവലിച്ചു. അഭിനന്ദന പോസ്റ്റ് ഇട്ടത് എഫ് ബി പേജ് നോക്കുന്ന വ്യക്തിയാണെന്ന് വിശദീകരിച്ച് മറ്റൊരു കുറിപ്പും തുഷാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണെന്നും അതിലൊരു വ്യക്തിക്ക് സംഭവിച്ച പിഴവായിരുന്നു ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് എന്നുമായിരുന്നു തുഷാറിന്‍റെ വിശദീകരണം.

'ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും തുഷാർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

click me!