ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്: തോക്ക് എത്തിച്ച അല്താഫിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

By Web TeamFirst Published Apr 13, 2019, 6:27 PM IST
Highlights

ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് അവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണം മൂന്നായി. 

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസില്‍ വിപിനും ബിലാലിനും വേണ്ടി തോക്ക് എത്തിച്ചു നൽകിയ ഏറണാകുളം സ്വദേശി അല്താഫിന്‍റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്. വൈകാതെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് അവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണം മൂന്നായി. 

കൃത്യത്തിന് ശേഷം പ്രതികള്‍ ഒരാഴ്ച തങ്ങിയത് അതീവ സുരക്ഷാ മേഖലയിലാണെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. എറണാകുളം എടത്തല പഞ്ചായത്തിലെ ദേശീയ ആയുധ സംഭരണശാലയുടെ സമീപത്തുള്ള അമേരിക്ക എന്നു പേരിട്ട ഒളിത്താവളത്തില്‍ പൊലീസ് പ്രതികളുമായി ഇന്ന് പരിശോധന നടത്തി. അതേസമയം ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ടുപേർ വിദേശത്തേക്ക് കടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വെടിവയ്പ്പ് നടത്താന്‍ അധോലോക കുറ്റവാളി രവി പൂജാരിയ്ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കാളികളായ കാസർകോഡ് സ്വദേശിയും കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നു. ഇരുവരെയും കേസില്‍ പ്രതി ചേർത്ത് പിടികൂടുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം.

click me!