വെണ്ണലയിൽ യുവാവിനെ തല്ലിക്കൊന്നതിന് പിന്നിൽ; വാട്ട്സ്ആപ്പ് മുതല്‍ അവിഹിത ആരോപണം വരെ

By Web TeamFirst Published Mar 12, 2019, 3:00 PM IST
Highlights

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് മാരകമായ ക്ഷതമേറ്റിരുന്നുവെന്നും ജിബിന്റെ വാരിയെല്ലുകൾ തകർന്നിരുന്നതായും തെളിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് ജിബിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.

കൊച്ചി: കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി കാക്കനാട് വെണ്ണല റോ‍ഡിൽ പാലച്ചുവടിന് സമീപം റോഡ‍രികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർ​ഗീസാണ് മരിച്ചതെന്ന് അന്വേഷണത്തിൽ തൃക്കാക്കര പൊലീസ് കണ്ടെത്തി. ഒറ്റനോട്ടത്തിൽ വാഹനാപകടമാണെന്ന് കാണുന്നവർക്ക് തോന്നുന്ന വിധത്തിലായിരുന്നു മൃതദേഹത്തിന്റെ കിടപ്പ്. അതിന് പിൻബലമേകുന്ന വിധത്തിൽ  ജിബിന്റെ സ്കൂട്ടറും തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. പുലർച്ചെ നാലരയോടെ സമീപവാസികളാണ് മൃതദേഹം കണ്ടത്. അപകടം നടന്നതിന്റെ സാധ്യതകളൊന്നും കാണാത്തത് കൊണ്ട് അന്നേ കൊലപാതകമാണെന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ ജിബിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി. പിന്നീട് ഇതിന്റെ ചുവട്പിടിച്ചായി‍ അന്വേഷണങ്ങൾ.  

അന്വേഷണത്തിൽ സംഭവം നടന്ന രാത്രി രാത്രി ഒമ്പതര മണിവരെ ജിബിൻ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചു.  ഏകദേശം ഒരു മണിയോടെയാണ് ജിബിൻ വീട്ടിൽ നിന്നും പുറത്തുപോയതെന്നും വ്യക്തമായി. അനാശാസ്യം ആരോപിച്ച് ആൾക്കൂട്ടം മർ‌ദ്ദിച്ചു കൊലപ്പെടുത്തി എന്നായിരുന്നു പൊലീസിന്റെ അന്വേഷണത്തിൽ ആദ്യം തെളിഞ്ഞത്. സംഭവത്തിൽ നേരിട്ട് പങ്കുള്ളവരെന്ന് കരുതിയ  പതിമൂന്ന് പേരെയാണ് സംഭവത്തിൽ‌ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് നടന്ന അന്വഷണത്തിലാണ് ഈ കൊലപാതകത്തിന് പിന്നിൽ വൻ വഴിത്തിരിവുണ്ടെന്ന് കണ്ടെത്തിയത്. 

മുപ്പത്തിമൂന്നുകാരനായ ജിബിന് പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നു. വീട്ടുകാരുടെ എതിർ‌പ്പിനെ തുടർന്ന് ഇവർക്ക് ഒരുമിച്ച് ജീവിക്കാനായില്ല. എന്നാൽ വേറെ വിവാഹം കഴിച്ചിട്ടും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു പോന്നു. യുവതിയുടെ ഭർത്താവ് ​ഗൾഫിലായിരുന്നു. ഈ വിവരം യുവതിയുടെ വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് ജിബിന്റെ കൊലപാതകത്തിലേക്ക് സംഭവം എത്തിച്ചേരുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന ജിബിനെ തെറ്റിദ്ധരിപ്പിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 

വാഴക്കാലയിലുള്ള തന്റെ വീട്ടിലേക്ക് പിൻവാതിൽ വഴി വരാനായിരുന്നു യുവതിയുടെ വാട്ട്സ്ആപ്പിൽ നിന്ന് ജിബിന് ലഭിച്ച സന്ദേശം. ഇത് വിശ്വസിച്ച ജിബിൻ രാത്രി ഒരുമണിയോടെ യുവതിയുടെ വീട്ടിലെത്തിച്ചേർന്നു. വീട്ടിലെത്തിയ ജിബിനെ യുവതിയുടെ ഭർത്താവും വീട്ടുകാരും ചേർന്ന് ​പിടിച്ചു കെട്ടി മർദ്ദിക്കുകയായിരുന്നു. ആയുധങ്ങളും കൈകാലുകളും ഉപയോ​ഗിച്ച് രണ്ട് മണിക്കൂറോളം തുടർച്ചയായി മർദ്ദിച്ചതിനെ തുടർന്ന് ജിബിൻ ബോധരഹിതനാകുകയായിരുന്നു. വീട്ടിലെ സ്റ്റെയർകേസിനടുത്തുള്ള ​ഗ്രില്ലിൽ കെട്ടിയിട്ടതിന് ശേഷമാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും അയൽവാസികളും ചേർന്ന് ജിബിനെ മർദ്ദിച്ചത്. ഇവിടെ വച്ചു തന്നെ ജിബിൻ മരിച്ചിരുന്നു.

പിന്നീട് ബന്ധുവിന്റെ ഓട്ടോയിൽ കയറ്റി പാലച്ചുവട് ഭാ​ഗത്ത് കൊണ്ടുപോയി റോഡരികിൽ ഉപേക്ഷിച്ചു. ജിബിന്റെ സ്കൂട്ടർ ഓടിച്ചു കൊണ്ട് വന്ന് റോഡരികിൽ, അപകടമാണെന്ന് വരുത്തി തീർക്കുന്ന വിധത്തിൽ മറിച്ചിട്ടതും ബന്ധുക്കളിലൊരാളായിരുന്നു. അപകടമാണെന്ന് വരുത്തി തീർക്കാൻ പ്രതികൾ പരമാവധി ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. 

സംഭവത്തിൽ കണ്ടാലറിയാവുന്ന 14 പേരെയാണ് പൊലീസ് പ്രതി ചേർത്ത് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സഹോദരൻ മനാഫ്, അലി, കെ. ഇ. ഇസ്ലാം, മുഹമ്മദ് ഫൈസൽ, കെ കെ സിറാജുദ്ദീൻ, കെ ഐ യൂസഫ്, അജാസ് എന്നിവരാണ് പിടിയിലായിരിക്കുന്ന പ്രതികൾ. യുവതിയുടെ പിതാവ് അസീസ്, ഭർത്താവ് അനീസ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. അസീസിന്റെ ബന്ധുവായ ‌അലിയുടെ ഓട്ടോയിലാണ് മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുപോയത്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇത് വ്യക്തമാകുന്നുണ്ട്. ഫൈസലാണ് ഓട്ടോ ഓടിച്ചത്. പിൻസീറ്റിലിരുന്ന സലാമിന്റെ മടിയിലായിരുന്നു ജിബിന്റെ മൃതദേഹം. നിസാർ, ഷിഹാബ് എന്നിവരാണ് ഓട്ടോയുടെ പിന്നിലായി സ്കൂട്ടറിൽ പിൻതുടർന്നത്. 

ഫോണിലേക്ക് മെസ്സേജ് വന്നതിന് ശേഷമാണ് ജിബിൻ പുറത്തു പോയതെന്ന വിവരവും സംഭവം നടന്ന് ആദ്യമണിക്കൂറിനുള്ളിൽ തന്നെ പ്രതികളിലൊരാളെ പിടിക്കാൻ സാധിച്ചതും കൊലപാതകമാണെന്ന് തെളിയിക്കുന്നതിലേക്ക് പൊലീസിനെ എത്തിച്ചു. മാത്രമല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് മാരകമായ ക്ഷതമേറ്റിരുന്നുവെന്നും ജിബിന്റെ വാരിയെല്ലുകൾ തകർന്നിരുന്നതായും തെളിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് ജിബിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.

മൃതദേഹം ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെയും പോകുന്നതിന്റെയും പ്രതികളിൽ രണ്ട് പേർ‌ സ്കൂട്ടറിൽ ഓട്ടോയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. സംഭവം നടന്ന വീട്ടിലെ സ്ത്രീകളുടെ മൊഴിയും കൊലപാതകമാണെന്ന് തെളിയിക്കാൻ സഹായിച്ചതായി പൊലീസ് വെളിപ്പെടുത്തുന്നു.  തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇരുപതോളം സംഘങ്ങള്‍ രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. ബാക്കിയുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ്. 

click me!