
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരം മുറി കേസിൽ അച്ചടക്ക നടപടി അവസാനിപ്പിച്ചതിന് പിന്നാലെ ബെന്നിച്ചൻ തോമസിനെ വനം വകുപ്പ് മേധാവിയാക്കാൻ ശുപാർശ. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇദ്ദേഹം. ഇന്ന് ചേർന്ന ഉന്നത തല യോഗമാണ് ഇദ്ദേഹത്തെ വനം വകുപ്പ് മേധാവി സ്ഥാനത്തേക്ക് ശുപാർശ ചെയ്തത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിലാവും സ്വീകരിക്കുക.
ഇപ്പോഴത്തെ വനം മേധാവി പി കെ കേശവൻ ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് പുതിയ മേധാവിയെ കണ്ടെത്താൻ ഇന്ന് ഉന്നത തല യോഗം ചേർന്നത്. ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം വകുപ്പ് സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനം മേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനം മേധാവിയെ ശുപാർശ ചെയ്തത്. പിസിസിഎഫുമാരായ ബെന്നിച്ചൻ തോമസ്, ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളാണ് സമിതി പരിഗണിച്ചത്.
മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ബെന്നിച്ചൻ തോമസിറക്കിയ ഉത്തരവ് ഏറെ വിവാദമായിരുന്നു. സംസ്ഥാന സർക്കാർ അനുമതിയില്ലാതെ അന്തർ സംസ്ഥാന തർക്കം നിലനിൽക്കുന്ന വിഷയത്തിൽ ഉത്തരവിറക്കിയതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്ഥാനത്ത് നിന്ന് ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശവും, അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ ധാരണ പ്രകാരവുമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്റെ വിശദീകരണം.
ബെന്നിച്ചന്റെ വിശദീകരണത്തെ തുടർന്ന് സസപെൻഷൻ പിൻവലിച്ചെങ്കിലും വകുപ്പ്തല അന്വേഷണം തുടർന്നു. ഉത്തരവിറക്കിയിപ്പോള്‍ ഉന്നത ഉദ്യോഗസ്ഥൻ പുലർത്തേണ്ട ജാഗ്രത പാലിച്ചില്ലെന്ന് വകുപ്പ്തല അന്വേഷണം നടത്തിയ വനം പ്രിൻസിപ്പിൽ സെക്രട്ടറി റിപ്പോർട്ട് നൽകി. ഇത് അംഗീകരിച്ച മുഖ്യമന്ത്രി ബെന്നിച്ചന് മുന്നറിയിപ്പ് നൽകി തുടർ നടപടി അവസാനിപ്പിച്ചു. നയപരമായ തീരുമാനമെടുക്കുമ്പോള്‍ ജാഗ്രത പാലിക്കമെന്നാണ് മുന്നറിയിപ്പ്.