
കൊച്ചി: മസാല ബോണ്ട് വിവാദത്തിൽ സർക്കാർ ഇടപാടുകൾ ദുരൂഹമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. മാർച്ച് 21 ന് ലണ്ടനിൽ വച്ചാണ് കരാർ ഒപ്പിട്ടത്. ലണ്ടനിലെ നിയമമാണ് കരാറിന് ബാധകമാവുക. ഭാവിയിൽ എന്തെങ്കിലും തർക്കമോ പരാതിയോ ഉണ്ടായാൽ ലണ്ടനിലെ നിയമം അനുസരിച്ച് മാത്രമേ നിയമ നടപടി സാധ്യമാകൂ. ഇക്കാര്യങ്ങൾ ക്യാബിനറ്റ് ചർച്ച ചെയ്തിരുന്നോയെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വെളിപ്പെടുത്തണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
സിപിഎം നേതാവ് എം എ ബേബി രാജ്യസഭാ അംഗമായിരിക്കെ കൊണ്ടുവന്ന ബിൽ അനുസരിച്ച് വിദേശ രാജ്യങ്ങളുമായി ഏതെങ്കിലും സംസ്ഥാന സർക്കാരുകൾ കരാറുകൾ ഉണ്ടാക്കിയാൽ അത് ഇന്ത്യൻ പാർലമെന്‍റ് ചർച്ച ചെയ്ത് അംഗീകരിക്കണം. മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ സംസ്ഥാന നിയമസഭയോ ക്യാബിനറ്റോ ചർച്ച ചെയ്തിട്ടില്ലെന്നും ബെന്നി ബഹനാൻ ആരോപിച്ചു.
ലാവലിൻ കരാറിലും കാനഡയിലെ നിയമമാണ് കരാറിന് ബാധകമെന്ന നിബന്ധന ഉണ്ടായിരുന്നു. കാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയിലെ നിയമം ആയിരുന്നു ലാവലിൻ കരാറിന് ബാധകം. അന്നത്തെ ധനകാര്യ സെക്രട്ടറി ആയിരുന്ന വരദാചാരി ഇതിനെ ശക്തമായി എതിർത്തിരുന്നു. ലാവലിൻ മാതൃകയിൽ തന്നെയാണ് മസാല ബോണ്ടുമായി ബന്ധപ്പെട്ട കരാറും ഒപ്പിട്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞാണോ ഇക്കാര്യം നടന്നതെന്ന് അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും ബെഹനാന്‍ പറഞ്ഞു.
ഈ കരാർ ആര് ഒപ്പിട്ടു? നിയമസഭയെ ക്യാബിനറ്റൊ ചർച്ച ചെയ്ത ശേഷമാണോ ഒപ്പിട്ടത്? കേരളത്തിന്റെ പരമാധികാരത്തെ ഇത് ബാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ വ്യക്തമായ ഉത്തരം നൽകണം. ഘടകകക്ഷി മന്ത്രിമാരും സംസ്ഥാനത്തെ മന്ത്രിമാരും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam