പാലത്തായി പീഡനക്കേസ്; മന്ത്രി കെ കെ ശൈലജയ്ക്കെതിരെ യുഡിഎഫ് കൺവീനർ

Web Desk   | Asianet News
Published : Jul 18, 2020, 10:21 PM ISTUpdated : Jul 18, 2020, 10:50 PM IST
പാലത്തായി പീഡനക്കേസ്; മന്ത്രി കെ കെ ശൈലജയ്ക്കെതിരെ യുഡിഎഫ് കൺവീനർ

Synopsis

പോക്സോ കേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മനപൂര്‍വ്വമായ വീഴ്ചയാണ് പൊലീസിന്‍റേതെന്നും ബെന്നി ബെഹ്‍നാൻ ആരോപിച്ചു.

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ മന്ത്രി കെ.കെ. ശൈലജ സാമൂഹിക നീതി വകുപ്പും ശിശുക്ഷേമവകുപ്പും ഒഴിയണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്‍നാൻ ആവശ്യപ്പെട്ടു. പോക്സോ കേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മനപൂര്‍വ്വമായ വീഴ്ചയാണ് പൊലീസിന്‍റേതെന്നും ബെന്നി ബെഹ്‍നാൻ ആരോപിച്ചു.

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പത്മരാജന്  കഴിഞ്ഞദിവസം ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് യുഡിഎഫ് കൺവീനറുടെ പരാമർശം. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ്  തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ പോക്സോ ഉൾപെടുത്താത്ത ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിരുന്നു. 

നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് കഴിഞ്ഞ മാർച്ച് പതിനേഴിനാണ്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. ഒരുമാസത്തിന് ശേഷമാണ് പാനൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. 

ഐജി ശ്രീജിത്തിനായിരുന്നു മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഭാഗിക കുറ്റപത്രം നൽകിയത്. കുട്ടിയെ അധ്യാപകൻ സ്കൂളിൽ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മർദ്ദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പത്മരാജനെതിരെ ചുമത്തിയിരിക്കുന്നത്. സമാനമായി നാല് കുട്ടികളെ അധ്യാപകൻ മർദിച്ചതായും കുറ്റപത്രത്തിലുണ്ട്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്