
കൊച്ചി: മദ്യവിതരണത്തിനുള്ള ഓൺലൈൻ ടോക്കൺ സംവിധാനമായ ബെവ്ക്യൂ ആപ്പിൽ ഇന്നും സങ്കേതിക പ്രശ്നങ്ങൾ. രജിസ്ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്നം. രാത്രിയോടെ മൂന്ന് പുതിയ ഒടിപി സേവനദാതാക്കളെ കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി കമ്പനി അറിയിച്ചെങ്കിലും ഇന്ന് രാവിലെ ആപ്പിൽ വീണ്ടും സാങ്കേതിക പ്രശ്നമുണ്ടാക്കുകയായിരുന്നു.
രാവിലെ മദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച പലർക്കും ഒടിപി കിട്ടുകയോ രജിസ്ട്രേഷൻ പൂർത്തിയാക്കാനോ പറ്റിയില്ല. ഒൻപത് മണിക്ക് ശേഷം ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് പുലർച്ചെ 3.35 മുതൽ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവൂ എന്ന സന്ദേശമാണ് ലഭിച്ചത്. അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേർ ബുക്കിംഗ് നടത്തിയെന്നാണ് ഫെയർകോഡ് കമ്പനി അറിയിച്ചത്. ബാർകോഡ് പരിശോധിക്കാനുള്ള സംവിധാനം ലഭ്യമല്ലാത്തതിനാൽ പലയിടത്തും ഇന്ന് ബാർകോഡ് രേഖപ്പെടുത്തി മദ്യം നൽകുകയാണ്.
സമയത്തിന് മദ്യംകിട്ടാതെ വന്നവർ ബഹളം വെച്ചതോടെ ഇന്നലെ സർവ്വത്ര ആശയക്കുഴപ്പമാണ് മദ്യവിൽപന ശാലകളിലുണ്ടായത്. ബാറുകളിൽ പലയിടത്തും മൊബൈൽ ആപ്പ് പ്രവർത്തനരഹിതമായിരുന്നു . ബെവ്കോ ഔട്ട്ലെറ്റുകളിൽ ലോഗിനും ഐഡിയും പാസ് വേഡും കിട്ടിയില്ല. ആളുകളുടെ നിരകൂടിയതോടെ സാമൂഹ്യാകലത്തിനായി പലയിടത്തും പൊലീസ് ഇടപെട്ടു. കാര്യം നടക്കാൻ ഒടുവിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാതെ തന്നെ മദ്യ വിതരണം തുടങ്ങി.
ഇന്നലെ ഉച്ചയോടെ പല ബാറുകളിലും സ്റ്റോക് തീർന്നു. ഇതോടെ ടോക്കണുമായെത്തിവർ ബഹളം വച്ചു. കൊച്ചിയിൽ ചില പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകളിൽ വിറ്റത് ഉയർന്ന വിലക്കുന്ന മദ്യം മാത്രം. ഇതോടെ വാങ്ങനെത്തിവർ നക്ഷത്രമെണ്ണി. ഒടിപി കിട്ടുന്നില്ലെന്നായിരുന്നു ബെവ് ക്യൂ ആപിനെക്കുറിച്ചുളള പ്രധാന പരാതി. രാത്രിയോടെ ഈ പ്രശനം പരിഹരിച്ചെന്ന് ഫെയർകോഡ് അറിയിച്ചു.
നേരത്തെ ഒരു സ്വകാര്യ കമ്പനിയായിരുന്നു സേവന ദാതാവെങ്കിൽ രണ്ട് കമ്പനികളെകൂടി അധികമായി ഒടിപി നൽകുന്നതിന് തെരഞ്ഞെടുത്തു. ഇന്ന് ടോക്കൺ ലഭിച്ചവരിൽ ചിലർക്ക് സ്റ്റോക്കില്ലെന്ന കാരണത്താൽ മദ്യം കിട്ടിയില്ല. ഇത്തരം ആളുകൾക്ക് ഇനി നാല് ദിവസം കാത്തിരിക്കുകയല്ലാതെ മാർഗമുണ്ടാകില്ല. നേരത്തെ തലേ ദിവസം ബുക്ക് ചെയ്താൽ അടുത്ത ദിവസം മദ്യം കിട്ടുമെന്നായിരുന്നു അറിയിപ്പെങ്കിൽ ആദ്യ ദിവസങ്ങളിൽ പെട്ടെന്നുള്ള അറിയിപ്പിലൂടെ നിശ്ചിത ആളുകൾക്ക് ടോക്കൺ നൽകുന്ന രീതിയാകും തുടരുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam