കഴക്കൂട്ടത്തെ ഗ്ലാമർ പോരാട്ടം, സ്റ്റൈലിലും ടിപ്പ് ടോപ്പിലും വിട്ടുവീഴ്ചയില്ലാതെ കടകംപള്ളിയും മുരളീധരനും ശരത്ചന്ദ്ര പ്രസാദും!

Published : Mar 29, 2026, 06:28 PM IST
Kazhakuttam

Synopsis

കട്ട രാഷ്ട്രീയത്തിനിടയിൽ ഇത്തവണ കഴക്കൂട്ടം ചർച്ച ചെയ്യുന്നത് സ്ഥാനാർത്ഥികളുടെ വേഷപ്പകർച്ചകളെക്കൂടിയാണ്. ടെക്കി മണ്ഡലത്തിലെ വോട്ടർമാരെ ആകർഷിക്കാൻ വികസനരേഖകൾക്കൊപ്പം തങ്ങളുടെ 'സിഗ്നേച്ചർ സ്റ്റൈലും' ആയുധമാക്കുകയാണ് ഇവിടുത്തെ പ്രധാന മുന്നണി പോരാളികൾ. 

രാഷ്ട്രീയ ഗോദയിലെ പോരാട്ടം കടുക്കുമ്പോൾ കഴക്കൂട്ടം മണ്ഡലത്തിൽ ചർച്ചയാകുന്നത് വെറും വികസനവും വിവാദങ്ങളും മാത്രമല്ല, സ്ഥാനാർത്ഥികളുടെ വേഷവിധാനവും കൂടിയാണ്. സ്ലീവ്‌ലെസ് ജാക്കറ്റും ഖദർ കുർത്തയും സ്ഥിരം കാഴ്ചയായ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് മാറി, തനതായ 'സിഗ്നേച്ചർ സ്റ്റൈൽ' കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടുത്തെ പ്രധാന മൂന്ന് സ്ഥാനാർത്ഥികളും. എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനും യുഡിഎഫിന്റെ ശരത്ചന്ദ്ര പ്രസാദും ബിജെപിയിലെ വി മുരളീധരനും വസ്ത്രധാരണത്തിലും ലൈഫ് സ്റ്റൈലിലും പുലർത്തുന്ന ആ 'പെർഫെക്ഷൻ' ഒന്ന് പരിശോധിക്കാം.

ചുളിവില്ലാത്ത സ്റ്റൈൽ; കടകംപള്ളിയുചടെ പെര്‍ഫെക്ഷൻ

ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽ പോലും കടകംപള്ളി സുരേന്ദ്രന്റെ ഷർട്ടിൽ ഒരു ചുളിവ് കണ്ടെത്താനാവില്ല എന്നാണ് വെപ്പ്. ചീകിയൊതുക്കിയ മുടിയും വെട്ടിയൊതുക്കിയ താടിയുമാണ് കടകംപള്ളിയുടെ മറ്റൊരു സ്പെഷ്യാലിറ്റി. ഷർട്ടിന് മാച്ച് ചെയ്യുന്ന മുണ്ടും കണ്ണടയും കൂടിയാകുമ്പോൾ സഖാവിന്റെ സ്റ്റൈൽ കംപ്ലീറ്റ്. ഒരു തവണ ഇട്ട ഷർട്ട് മാസങ്ങൾ കഴിഞ്ഞേ പിന്നീട് കാണൂ എന്നൊരു പറച്ചിൽ തന്നെ അണികൾക്കിടയിലുണ്ട്.

എന്നാൽ ഈ കളർഫുൾ ഷർട്ടുകൾക്ക് പിന്നിൽ നിറംമങ്ങിയ ഒരു ഭൂതകാലത്തിന്റെ കഥ പറയാനുണ്ട് കടകംപള്ളിക്ക്. 'പണ്ട് മുതലേ രാഷ്ട്രീയക്കാരുടെ പരമ്പരാഗത വേഷങ്ങളിൽ നിന്ന് മാറി നടക്കാൻ ഇഷ്ടപ്പെട്ടയാളാണ് ഞാൻ. ഒരൊറ്റ ഉടുപ്പേ ഉള്ളൂ എങ്കിലും അത് രാത്രി കഴുകിയിട്ട്, രാവിലെ നന്നായി സ്റ്റാർച്ച് (കഞ്ഞിപ്പശ) മുക്കി തേച്ച് മിനുക്കി ഇടും. ഉള്ളതിനെ വൃത്തിയായി കൊണ്ടുനടക്കുക എന്നതാണ് എന്റെ രീതി,' കടകംപള്ളി തന്റെ സ്റ്റൈൽ രഹസ്യം വെളിപ്പെടുത്തുന്നതിങ്ങനെയാണ്.

ഡബിൾ പോക്കറ്റിലെ സെന്റിമെന്റ്‌സ്; ശരത്ചന്ദ്ര പ്രസാദിന്റെ 'അണ്ണൻ' സ്റ്റൈൽ

യുഡിഎഫ് സ്ഥാനാർത്ഥി ശരത്ചന്ദ്ര പ്രസാദിന്റെ മെയിൻ സ്റ്റൈൽ ഷർട്ടിലെ ഡബിൾ പോക്കറ്റാണ്. പണ്ട് എസ്എൻ കോളേജിൽ എസ്എഫ്ഐക്കാരുമായി ഏറ്റുമുട്ടിയ പഴയ വിദ്യാർത്ഥി നേതാവിന്റെ പോരാട്ടവീര്യം ഇന്നും വസ്ത്രധാരണത്തിലും കാണാം. കാശ് കൂടുതലുള്ളത് കൊണ്ടാണോ ഈ ഡബിൾ പോക്കറ്റ് എന്ന് ചോദിച്ചാൽ ശരത് അണ്ണന് പറയാനുള്ളത് വികാരാധീനമായ മറുപടിയാണ്.

'എന്റെ പോക്കറ്റിൽ പൈസയൊന്നുമില്ല. പക്ഷേ ഒരു പോക്കറ്റിലെ പേഴ്സിനുള്ളിൽ എന്റെ അമ്മയുടെയും അച്ഛന്റെയും ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെയും പടമുണ്ട്. യുദ്ധക്കളത്തേക്കാൾ ഭയാനകമായ രാഷ്ട്രീയത്തിലാണ് ഞാൻ നിൽക്കുന്നത്. അതുകൊണ്ട് അവരുടെ സംരക്ഷണം എനിക്കൊപ്പം വേണം. മറ്റൊരു പോക്കറ്റിൽ ഒരു ചെറിയ ഡയറിയും കാണും.' ഷർട്ട് തിരഞ്ഞെടുക്കുന്നതിനേക്കാൾ കൂടുതൽ സമയം താടി ഒതുക്കാനാണ് താൻ ചെലവാക്കുന്നതെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.

ഗിഫ്റ്റ് ഷർട്ടുകളും ചൈനീസ് കോളറും; വി മുരളീധരന്റെ 'ക്ലീൻ' ലുക്ക്

രണ്ട് താടിക്കാർക്കിടയിൽ ക്ലീൻ ഷേവ് ചെയ്ത മുഖവുമായി നിൽക്കുന്ന 'ഫിറ്റ്നസ് ഫ്രീക്ക്' ആണ് വി. മുരളീധരൻ. വ്യായാമത്തിന്റെ കാര്യത്തിൽ എന്നപോലെ വസ്ത്രധാരണത്തിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്യാറില്ല. ചൈനീസ് കോളർ ഷർട്ടുകളാണ് മുരളീധരന്റെ പ്രിയപ്പെട്ട വേഷം. എന്നാൽ ഷർട്ട് വാങ്ങാൻ എത്ര രൂപ ചെലവാക്കും എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി രസകരമാണ്.'സത്യം പറഞ്ഞാൽ ഞാൻ ഷർട്ടുകൾ വാങ്ങാറില്ല. സ്നേഹപൂർവ്വം ആരെങ്കിലും ഉപഹാരമായി നൽകുന്ന ഷർട്ടുകളാണ് ഞാൻ ധരിക്കുന്നത്. വർഷങ്ങളായി ഞാൻ ഷർട്ട് വാങ്ങിയിട്ടില്ല,' അദ്ദേഹം പറയുന്നു. വി. മുരളീധരന്റെ മുഖത്തെ തിളക്കം കണ്ട് ഫേഷ്യൽ ചെയ്തതാണോ എന്ന് ചോദിക്കുന്നവരോട് 'ഒരു ഫേഷ്യലുമില്ല' എന്ന മറുപടിയിലൂടെ തന്റെ സ്വാഭാവിക ലൈഫ് സ്റ്റൈൽ അദ്ദേഹം വ്യക്തമാക്കി.

ടെക്കി മണ്ഡലത്തിലെ ഗ്ലാമർ പോരാട്ടം

മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ ഈ അപ്ഡേറ്റഡ് ലുക്ക് വോട്ടർമാർക്കിടയിലും ചർച്ചയാണ്. കേവലം രാഷ്ട്രീയ പ്രസംഗങ്ങൾക്കപ്പുറം, തങ്ങളെപ്പോലെ തന്നെ വസ്ത്രധാരണത്തിലും വ്യക്തിത്വത്തിലും ശ്രദ്ധാലുക്കളായ നേതാക്കളെ കാണുന്നത് യുവവോട്ടർമാരെ ആകർഷിക്കുന്നുണ്ട്. കട്ട രാഷ്ട്രീയത്തിനൊപ്പം ഈ 'ഫാഷൻ പോരാട്ടവും' കഴക്കൂട്ടത്തെ പ്രവചനാതീതമാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്യാമൾ മണ്ഡൽ കൊലകേസ്; നാഗ്പൂരിൽ പിടികൂടിയ ദുർഗ ബഹദൂർ ചദ്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
സിപിഎം വിമതരുടെ ഉയർച്ച; കണ്ണൂരിൽ പാർട്ടിക്ക് വെല്ലുവിളിയാകുമോ? കോട്ട പൊളിയുമോ?