അരനൂറ്റാണ്ട് പ്രവർത്തിച്ച കെട്ടിടത്തിൽ നിന്ന് ജവഹർ ബാലഭവനെ ഒഴിപ്പിക്കാൻ നീക്കം; ലാഭകരമല്ലെന്ന് കാരണം

Published : Apr 06, 2022, 09:09 AM IST
അരനൂറ്റാണ്ട് പ്രവർത്തിച്ച കെട്ടിടത്തിൽ നിന്ന് ജവഹർ ബാലഭവനെ ഒഴിപ്പിക്കാൻ നീക്കം; ലാഭകരമല്ലെന്ന് കാരണം

Synopsis

സംവിധായകൻ ജയരാജ്, നടൻ ഗിന്നസ് പക്രു, സിപിഎം നേതാവ് സുരേഷ് കുറുപ്പ് തുടങ്ങിയ പ്രമുഖർ കോട്ടയം ജവഹർ ബാലഭവൻ വിദ്യാർത്ഥികളായിരുന്നു

കോട്ടയം: കോട്ടയത്തെ ജവഹർ ബാലഭവനെ, കുട്ടികളുടെ ലൈബ്രറി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാൻ നീക്കം. 50 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് ലാഭകരമല്ലെന്ന് പറഞ്ഞാണ് ഒഴിപ്പിക്കാൻ നോക്കുന്നത്. കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശമുള്ള പബ്ലിക് ലൈബ്രറി ഭരണസമിതിയുടേതാണ് നടപടി. ഇതിനായി സാംസ്കാരിക വകുപ്പിന്‍റെ ഉത്തരവും ഭരണസമിതി സ്വന്തമാക്കി. ബാലഭവനെ വാടകക്കെട്ടിടത്തിലേക്ക് മാറ്റാനാണ് നീക്കം. തീരുമാനത്തിനെതിരെ പ്രതിഷേധിച്ച അധ്യാപകരെ പിരിച്ചുവിട്ടതിനെ തുടർന്ന് അധ്യാപകരാകെ സമരം തുടങ്ങി.

സംവിധായകൻ ജയരാജ്, നടൻ ഗിന്നസ് പക്രു, സിപിഎം നേതാവ് സുരേഷ് കുറുപ്പ് തുടങ്ങിയ പ്രമുഖർ കോട്ടയം ജവഹർ ബാലഭവൻ വിദ്യാർത്ഥികളായിരുന്നു. പബ്ലിക് ലൈബ്രറിയുടെ കെട്ടിടത്തിൽ അരനൂറ്റാണ്ടായി കുട്ടികളുടെ ലൈബ്രറിക്കൊപ്പം പ്രവർത്തിക്കുന്ന ബാലഭവനെ അടർത്തിമാറ്റാനാണ് നീക്കം. ബാലഭവന്‍റെ ഭരണത്തിന് ചുക്കാൻ പിടിക്കുന്ന പബ്ലിക് ലൈബ്രറി ഭാരവാഹികൾ തന്നെയാണ് തീരുമാനത്തിന് പിന്നിലും. പുതിയ നീക്കത്തിനെതിരെ പ്രതിഷേധിച്ച രണ്ട് അധ്യാപകരെ പുറത്താക്കി. മറ്റധ്യാപകർ ക്ലാസ് ബഹിഷ്കരിച്ച് സമരത്തിലാണ്

പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് പബ്ലിക് ലൈബ്രറി ഭരണസമിതി സ്വീകരിച്ചതെന്ന് ബാലഭവനിലെ അധ്യാപകനായ ഹരീന്ദ്രനാഥ് കുറ്റപ്പെടുത്തി. ബാലഭവനിൽ കുട്ടികൾ കുറവെന്നും നടത്തിപ്പ് ബാധ്യതയെന്നുമാണ് പബ്ലിക് ലൈബ്രറി ഭാരവാഹികളുടെ നിലപാട്. ബാലഭവനെ ഒഴിപ്പിച്ച് കുട്ടികളുടെ ലൈബ്രറി വിശാലമാക്കും. അധ്യാപകരുടെ ശ്രമം പ്രശസ്‌തി നിലനിർത്താനെന്നും പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചിറ പറഞ്ഞു. കഴിഞ്ഞ 51 വർഷമായി ബാലഭവനിൽ നിന്ന് വാടകയായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്കാരിക വകുപ്പിന്‍റെ ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പബ്ലിക് ലൈബ്രറി ഭരണസമിതി നീക്കം. ബാലഭവന് സ്വന്തമായി കെട്ടിടം ഉണ്ടാകുന്നത് വരെ വാടക കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ഉത്തരവ്. എന്നാൽ, ഇത് തെറ്റിധാരണയുടെ പുറത്തുള്ള ഉത്തരവെന്നാണ് ബാലഭവൻ സംരക്ഷണ സമിതി പറയുന്നത്.
 

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു