
തിരുവനന്തപുരം: സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. സെനറ്റ് ഹാളിന് പുറത്തുണ്ടായ സംഘര്‍ഷത്തിലടക്കം രണ്ടു കേസുകളാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധയാ എടുത്തത്. എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
മര്‍ദനമേറ്റ കെഎസ്‍യു പ്രവര്‍ത്തകര്‍ പരാതി നൽകിയിട്ടില്ല. സെനറ്റ് ഹാള്‍ സംഘര്‍ഷത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ കേരള സര്‍വകലാശാല തീരുമാനിച്ചു. ഇതുസംബന്ധിച്ച കണക്കെടുക്കാൻ എഞ്ചിനീയറിങ് വിഭാഗത്തിന് രജിസ്ട്രാര്‍ നിര്‍ദേശം നൽകി. കണക്കെടുക്കുന്നതിനൊപ്പം നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കേരള സര്‍വകലാശാലയുടെ തീരുമാനം.
അതേസമയം, സെനറ്റ് ഹാളിൽ ഗവർണ്ണറുടെ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സർവകലാശാല. ശ്രീ പത്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം. റദ്ദാക്കിയിട്ടും പരിപാടി തുടർന്നുവെന്ന് സർവകലാശാല വിമർശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സർവകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ഗവർണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രതിഷേധം ശക്തമായിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള പോരാണ് ഇന്നല്തതെ സംഘര്‍ഷത്തോടെ പുതിയ തലത്തിലേക്ക് കടന്നത്. ഇന്നലെ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ ചിത്രം വച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം വൻ സംഘർഷമായി മാറിയിരുന്നു. ഗവർണർക്കെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് എസ്എഫ്ഐയുടെയും കെഎസ്‍യുവിന്റെയും തീരുമാനം.
അതേസമയം, ഭാരതാംബ ചിത്രം വെച്ചുള്ള പരിപാടി അനുവദിക്കില്ലെന്ന് സർവകലാശാല രജിസ്ട്രാർ നിലപാട് എടുത്തതിൽ രാജ്ഭവന് അതൃപ്തിയുണ്ട്. ഇതിൽ രാജ്ഭവന്‍റെ തുടർനീക്കം പ്രധാനമാണ്. അതിനിടെ കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങ് ഉച്ചക്ക് തൃശ്ശൂരിൽ നടക്കും. ഭാരതാംബ വിവാദത്തിന് ശേഷം ഗവർണറും മന്ത്രി പി പ്രസാദും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി കൂടിയാണിത്.