
മലപ്പുറം: കരിപ്പൂരിൽ (Karipur) വീണ്ടും സ്വർണ്ണം (Gold) പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് ഇവരില്‍ നിന്ന് ഒരു കോടിയോളം രൂപ വില വരുന്ന സ്വർണ്ണം പിടികൂടിയത്.
ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത്. മെഡിക്കൽ എക്സറേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവരെ കൂട്ടിക്കൊണ്ട് പോകാനെത്തിയ ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ച ശേഷം ഇത് പന്ത്രണ്ടാം തവണയാണ് സ്വർണ്ണം പിടികൂടുന്നത്.