
കാസര്‍കോട്: കാസർകോട്ടെ തട്ടിക്കൊണ്ടു പോകൽ കേസിൽ പരാതിക്കാരും പ്രതികളായി. ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവെച്ച് ഏഴര ലക്ഷം രൂപ തട്ടിയ വിരോധത്തിലാണ് കാസര്‍കോട് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആദ്യം പിടിയിലായ പ്രതികളുടെ മൊഴി. ഇതോടെ കാസർകോട് സ്വദേശികൾ അടക്കം എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിൻവലിച്ച നോട്ട് വെളുപ്പിക്കുന്ന ആന്ധ്രാസംഘത്തിലെ സിദാന ഓംകാർ, മാരുതി പ്രസാദ് റെഡി, ശ്രീനാഥ്, പൃഥിരാജ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് പുറമെ കാസർകോട് സംഘത്തിലെ നേതാവ് ഷെരീഫ്, തട്ടിക്കൊണ്ടു പോയ മുഹമ്മദ് ഹനീഫ, നൂറുദ്ദീൻ, വിജയൻ എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. രണ്ട് സംഘത്തിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കാസര്‍കോട് സംഘം തട്ടിയെടുത്ത പണം അതേരീതിയിൽ ഭീഷണിപ്പെടുത്തി തിരികെ വാങ്ങാനായിരുന്നു ഇന്നലെ ഹനീഫയെ തട്ടിക്കൊണ്ടുപോയത്. അതിനിടയിലാണ് ഇവരെ കർണാടക സകലേഷ് പുര പൊലീസ് ഔട് പോസ്റ്റിൽ വെച്ച് പിടികൂടിയത്.
ഇന്നലെയാണ് കാസര്‍കോട് നഗരത്തിൽ വെച്ച് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായത്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ വിവരം ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനുള്ള കറുത്ത മഹീന്ദ്ര സ്കോർപിയോ കാറിൽ ബലമായി പിടിച്ച് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. കാസർകോട് നഗരത്തിലെ ഉഡുപ്പി ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു സംഭവം. യുവാവിനെ കടത്തികൊണ്ടുപോകുന്നത് കണ്ട ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാറിന്‍റെ വിവരങ്ങളടക്കം ലഭിച്ചതോടെ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മംഗളൂരു ഭാഗത്തേക്കാണ് കാറോടിച്ചു പോയതെന്ന് കണ്ടെത്തി. ഇതോടെ കർണാടക പൊലീസിനെ വിവരം അറിയിക്കുകയും ഹാസനിൽ നിന്ന് കാർ കണ്ടെത്തുകയുമായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ നാലു പേർ ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഹനീഫ് അടക്കമുള്ള കാസര്‍കോട്ടെ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam