
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരരാര്‍. സത്യം ജയിക്കും സത്യമേ ജയിക്കൂ എന്നായിരുന്നു ഫേസ്ബുക്കിൽ നടത്തിയ ആദ്യ പ്രതികരണത്തിൽ അഖിൽ കുറിച്ചത്. ഈശ്വരൻ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങൾ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല, അന്നും ഇന്നും സത്യത്തിനൊപ്പം എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ദിലീപിനൊപ്പമുള്ള സെൽഫിയും പങ്കുവച്ചുകൊണ്ടായിരുന്നു അഖിലിന്റെ കുറിപ്പ്.
അതേസമയം, വിധിയിൽ അതീവ നിരാശയോടെയായിരുന്നു നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായി ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. മരണം വരെ അവൾക്ക് ഒപ്പമാണ്. അതിജീവിതയും നീതി നിഷേധത്തിന്റ ഷോക്കിലാണ്. അതിജീവിതയുടെ വീട്ടിലിരുന്നാണ് താൻ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദിലീപിനെതിരെയും ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. മഞ്ജു വാര്യർക്ക് എതിരായ ആക്ഷേപം അനാവശ്യമാണ്. അമ്മ ഈ വിധി ആഘോഷിക്കുമെന്നും വരും ദിവസങ്ങളിൽ അത് കാണാമെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ദിലീപിന് ആശംസയറിയിച്ചായിരുന്നു നിര്‍മാതാവായ ജി സുരേഷ് കുമാറിന്റെ പ്രതികരണം. സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു. എന്തെങ്കിലും ഒരു തെളിവ് ഇവര്‍ക്ക് നിരത്താൻ കഴിഞ്ഞോ. ഏത് കോടതിയിൽ പോയാലും കുഴപ്പമില്ല. പക്ഷെ കഴിഞ്ഞ എട്ടര വര്‍ഷം എന്തൊരു വലിയ ഹരാസ്മെന്റാണ് അദ്ദേഹം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. ഈ കാര്യത്തിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകായണ് ഇപ്പോൾ. വിലയ സന്തോഷമുള്ള കാര്യമാണ്. ഞാൻ അനിയനെ പോലെ കാണുന്ന ആളാണ്. എന്റെ സിനിമയിലൂടെയാണ് ആദ്യമായിട്ട് ദിലീപ് വരുന്നത്. വിഷ്ണുലോകം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്ന് മുതൽ എനിക്ക് അറിയാവുന്നതാണ് ദിലീപിനെ. ഒരു തെറ്റും ചെയ്യാത്ത് അദ്ദേഹം 85-90 ദിവസം ജയിലിൽ ഇട്ടു.ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും. സര്‍ക്കാറും പൊലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ട്. നല്ല പൊലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാൻ വേണ്ടി വൃത്തികേട് കാണിക്കുന്നവരും ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ 11 മണിക്കായിരുന്നു വിചാരണക്കോടതിയുടെ വിധി വന്നത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.