'ചൊറിഞ്ഞാല്‍ ധൈര്യം കൂടും'; ഹര്‍ജി നല്‍കിയത് ചെന്നിത്തലയുടെ ബിനാമി, പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് ബിജു രമേശ്

By Web TeamFirst Published Jan 18, 2021, 2:34 PM IST
Highlights

താന്‍ കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള   തെളിവുകൾ ഹാജരാക്കിയെന്ന് ഹര്‍ജി നല്‍കിയത് രമേശ ചെന്നിത്തലയുടെ ബിനാമിയാണ്. തന്നെ ചൊറിഞ്ഞാല്‍ തനിക്ക് ധൈര്യം കൂടും. തന്നെ പേടിപ്പിക്കാന്‍ നോക്കും തോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.  

കൊച്ചി: ബാര്‍കോഴ കേസ് അന്വേഷിച്ചാല്‍ രമേശ് ചെന്നിത്തല പ്രതിയാകുമെന്ന് ബിജു രമേശ്. കോടതിയിൽ  എഡിറ്റ് ചെയ്ത ശബ്ദരേഖയുടെ  സിഡി തെളിവായി ഹാജരാക്കിയ സംഭവത്തിൽ ബിജു രമേശിനെതിരെ നടപടി സ്വീകരിക്കാൻ  മജിസ്ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. താന്‍ കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള   തെളിവുകൾ ഹാജരാക്കിയെന്ന് ഹര്‍ജി നല്‍കിയത് രമേശ ചെന്നിത്തലയുടെ ബിനാമിയാണ്. തന്നെ ചൊറിഞ്ഞാല്‍ തനിക്ക് ധൈര്യം കൂടും. തന്നെ പേടിപ്പിക്കാന്‍ നോക്കും തോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.  

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ബാർ കോഴകേസിൽ ഒന്നാം സാക്ഷിയായ ബിജു രമേശ് കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള   തെളിവുകൾ ഹാജരാക്കിയെന്നാണ്  ഹർജിക്കാരന്‍റെ ആരോപണം. കോടതിയെ കബളിപ്പിച്ച ബിജു രമേശിനെതിരെ തിരുവന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ  മജിസ്ട്രേറ്റ് കോടതി തുടർ നടപടി എടുക്കുന്നില്ലെന്നും പരാതി സ്വീകരിച്ചില്ലെന്നും ഹർജിക്കാരൻ അറിയിച്ചു. ഈ ഹർജിയിലാണ് സിംഗിൾ ബ‌ഞ്ച് അഭിഭാഷകനായ ശ്രീജിത്ത് ശ്രീധരന്‍റെ  പരാതി സ്വീകരിച്ച് തുടർ നടപടിയെടുക്കാന്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദ്ദേശം നൽകിയത്. വിജിലൻസ് കോടതിയാണ് നടപടി സ്വീകരിക്കണ്ടതെന്ന മജിസ്ട്രേറ്റ് കോടതി നിലപാട് ഹൈക്കോടതി തള്ളി. 

ബാർ ലൈസൻസ് നീട്ടികിട്ടാൻ അഞ്ചുകോടി അന്നത്തെ ധനകാര്യമന്ത്രി കെ എം മാണി അടക്കമുള്ളവർക്ക് നൽകിയെന്നായിരുന്നു ബിജു രമേശിന്‍റെ  വെളിപ്പെടുത്തൽ.  തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് ബിജു രമേശിന്‍റെ  രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയോടൊപ്പമാണ് ബാർ ഹോട്ടൽ ഉടമകളുടെ സംഭാഷണം ഉൾപ്പെടുന്ന  സിഡിയും ശബ്ദം റെക്കോർ‍ഡ് ചെയ്യാൻ ഉപയോഗിച്ച ഫോൺ എന്നിവ  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ പിന്നീട് ഫോറൻസിക് പരിശോധനയിൽ സിഡിയിൽ ക്രിത്രിമം നടന്നതായും ശബ്ദം ഉയർത്തിയതായുമെല്ലാം കണ്ടെത്തുകയായിരുന്നു. അതേസമയം ശബ്ദം റെക്കോർഡ് ചെയ്ത ഒറിജിനൽ ഫോൺ ഇപ്പോഴും അന്വേഷണ സംഘത്തിന്‍റെ കൈവശം ഉണ്ടെന്നാണ് ബിജു രമേശിന്‍റെ പ്രതികരണം. 

click me!