സിപിഎം എംപിമാരേക്കാള്‍ പത്തിരട്ടി കരുത്തോടെ മോദിയെ വിമര്‍ശിച്ച എംപിയാണ് പ്രേമചന്ദ്രന്‍: ബിന്ദു കൃഷ്ണ

By Web TeamFirst Published Apr 19, 2019, 10:12 PM IST
Highlights

പഞ്ചായത്ത്, ജില്ലാ ഡിവിഷന്‍, ജില്ലാ കൗണ്‍സില്‍, നിയമസഭാ, ലോക്സഭാ, രാജ്യസഭാ തുടങ്ങി എല്ലായിടത്തേക്കും പ്രേമചന്ദ്രന്‍ മത്സരിച്ചിട്ടുണ്ട്. ജയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പോലും അതിനായി സംഘപരിവാറിന്‍റെ സഹായം അദ്ദേഹം തേടിയിട്ടില്ല.

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനെ പരാജയപ്പെടുത്താന്‍ എല്ലാതരം കുതന്ത്രങ്ങളും പ്രയോഗിക്കുകയാണ് സിപിഎമ്മെന്നും ഇതില്‍ ഒടുവിലത്തേതാണ് പ്രേമചന്ദ്രന്‍റെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച ആരോപണമെന്നും  കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.
 
ബിന്ദു കൃഷ്ണയുടെ വാക്കുകള്‍...
എന്‍കെ പ്രേമചന്ദ്രനെ തോല്‍പിക്കാന്‍ തുടക്കം തൊട്ടേ സിപിഎമ്മുകാര്‍ എടുത്തു പ്രയോഗിക്കുന്നതാണ് സംഘി ആരോപണം. ഒരു കാലത്തും ബിജെപിക്ക് മുന്നില്‍ കീഴടങ്ങുന്ന രാഷ്ട്രീയവ്യക്തിത്വം അല്ല പ്രേമചന്ദ്രന്‍റേത്.  1985 മുതല്‍ പ്രേമചന്ദ്രന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ട് അഞ്ചോ ആറോ വര്‍ഷം മുന്‍പ് മാത്രമാണ് യുഡിഎഫില്‍ എത്തുന്നത്. അങ്ങനെയൊരു മനുഷ്യനെയാണ് ഇടതുപക്ഷം ഇങ്ങനെ വേട്ടയാടുന്നത്. പഞ്ചായത്ത്, ജില്ലാ ഡിവിഷന്‍, ജില്ലാ കൗണ്‍സില്‍, നിയമസഭാ, ലോക്സഭാ, രാജ്യസഭാ തുടങ്ങി എല്ലായിടത്തേക്കും പ്രേമചന്ദ്രന്‍ മത്സരിച്ചിട്ടുണ്ട്. ജയിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പോലും അതിനായി സംഘപരിവാറിന്‍റെ സഹായം അദ്ദേഹം തേടിയിട്ടില്ല.
 
2014-ല്‍ കൊല്ലത്ത് വന്ന് പിണറായി എന്‍കെ പ്രേമചന്ദ്രനെതിരെ നടത്തിയ പരാമര്‍ശം അങ്ങേയറ്റം ഹീനവും അപമാനകരവുമായിരുന്നു. അ‍ഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോഴും നികൃഷ്ടമായ അതേ പദപ്രയോഗം പ്രേമചന്ദ്രനെതിരെ പിണറായി നടത്തുകയാണ്. ഇതിനെല്ലാം കൊല്ലത്തെ ജനം മറുപടി നല്‍കും.
 
ഞാനും കൊല്ലം ബാറിലെ അഭിഭാഷകയാണ് പ്രേമചന്ദ്രന്‍ ബിജെപിയുമായി വോട്ട് ധാരണയിലെത്തി എന്നാരോപിക്കുന്ന മുന്‍ യുവമോര്‍ച്ച നേതാവായ ന്‍അഭിഭാഷകന് ബിജെപിയില്‍ എത്ര കണ്ട് സദജീ പാര്‍ട്ടിയില്‍ എത്ര കണ്ട് സജീവമാണ് എന്നത് കണ്ടറിയേണ്ട കാര്യമാണ്. കൊല്ലത്ത് വീടുകളില്‍ കയറി ഇറങ്ങി എല്‍ഡിഎഫുകാര്‍ പറഞ്ഞു നടക്കുന്നത് ജയിച്ചാല്‍ പ്രേമചന്ദ്രന്‍ ബിജെപിയില്‍ പോകും എന്നാണ്.
 ബിജെപി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പ്രേമചന്ദ്രനാണ് എന്നൊക്കെ പറഞ്ഞു സ്ഥാപിക്കുന്നത് എത്രയേറെ വലിയ വിഡ്ഢിത്തരമാണ്.
 
സിപിഎം എംപിമാര്‍  എല്ലാവരും കൂടി മോദിയേയും ബിജെപിയേയും വിമര്‍ശിച്ചതിന്‍റെ  പത്തിരട്ടി പ്രേമചന്ദ്രന്‍ ഒറ്റയ്ക്ക് സംസാരിച്ചിട്ടുണ്ട്. മോദി ലോക്സഭയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ തുറന്ന് വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചയാളാണ് പ്രേമചന്ദ്രന്‍. അങ്ങനെയൊരാളുടെ പേരിലാണ് ഇപ്പോള്‍ സിപിഎം ബാന്ധവം ആരോപിക്കുന്നത്.   കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളുടേയും പ്രവര്‍ത്തനം അടുത്തറിയുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലായിടത്തും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎം നടത്തുന്ന ഈ വ്യക്തിഹത്യ കൊണ്ടൊന്നും യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരം നശിപ്പിക്കാനാവില്ല.
click me!