
ബെംഗളൂരു: തന്റെ തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെ റെയ്‌ഡിനോട് പ്രതികരിച്ച് ബിനീഷ് കോടിയേരി. അവർ ചെയ്യുന്നതെല്ലാം ചെയ്യട്ടെയെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് ഇറക്കിയപ്പോഴായിരുന്നു പ്രതികരണം. അതേസമയം ഇഡിക്കെതിരായ ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിൽ ഇഡിയോട് കേരള പൊലീസ് വിശദീകരണം തേടി. ഉദ്യോഗസ്ഥർ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് ബിനീഷിന്റെ ഭാര്യാപിതാവ് പരാതി നൽകി. വ്യാജരേഖകളിൽ ഒപ്പിടാൻ പ്രരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
പൊലീസ് ഇമെയിൽ വഴിയാണ് ഇഡിയോട് വിശദീകരണം തേടിയത്. ബിനീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തിന്റെ പരാതിയുണ്ടെന്ന് അറിയിച്ചിട്ടും ഇഡി വിശദീകരണം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ അയച്ചത്. റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം നടപടികളുമായി സഹകരിച്ചില്ലെന്നാണ് ഇഡി പറഞ്ഞത്. കന്റോൺമെന്റ് എസിപിയോടായിരുന്നു ഇഡിയുടെ പ്രതികരണം. പരാതി കിട്ടിയിട്ടുണ്ടന്നും നടന്ന കാര്യങ്ങളെ കുറിച്ച് മൊഴി നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് അറിയിക്കാമെന്ന് ഇഡി ഉദ്യോഗസ്ഥർ മറുപടി നൽകി.
റെയ്ഡിൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോൺ മാത്രമാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനിറ്റ പറഞ്ഞു. 'അമ്മയുടെ ഐഫോൺ എടുത്ത സ്റ്റേറ്റ്മെന്റിൽ മാത്രമാണ് ഒപ്പിട്ടത്. ക്രഡിറ്റ് കാർഡ് ഇവിടെ ഇഡി കൊണ്ടുവന്നിട്ടതാണ്. അല്ലെങ്കിൽ വീട്ടിനകത്ത് നിന്ന് അത് കിട്ടിയപ്പോൾ ഞങ്ങളെ വിളിച്ച് കാണിക്കണമായിരുന്നു. രാത്രി വൈകി രേഖകളിൽ ഒപ്പിടണമെന്ന് പറഞ്ഞ് വിളിപ്പിച്ചു. അതുവരെ വീടിനകത്ത് ഒരു മുറിയിലായിരുന്നു ഞങ്ങൾ മൂന്ന് പേരും. വീട്ടിൽ താഴത്തെ നിലയിലെ ഒരു മുറിയിൽ മാത്രമാണ് ഇഡി സംഘം പരിശോധിച്ചത്. ഇതിനകത്തെ ഡ്രോയറിൽ നിന്ന് ക്രഡിറ്റ് കാർഡ് ലഭിച്ചെന്നാണ് ഇഡിയുടെ സ്റ്റേറ്റ്മെന്റിൽ പറഞ്ഞത്. അത് വായിച്ച് നോക്കിയപ്പോഴാണ് മുഹമ്മദ് അനൂബിന്റെ കാർഡാണെന്ന് രേഖപ്പെടുത്തി കണ്ടത്. അത് ഇവിടെ നിന്ന് ലഭിച്ചതല്ല. അതിൽ ഒപ്പിടാൻ സാധിക്കില്ലെന്ന് പറഞ്ഞു. ഒപ്പിടണമെങ്കിൽ ആ കാർഡ് ഇഡി കൊണ്ടുവന്നിട്ടതാണെന്ന് എഴുതണമെന്നും പറഞ്ഞു. അതിനവർ തയ്യാറായില്ല. ഒപ്പിടാതെ തങ്ങളിവിടെ നിന്ന് പോകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിനീഷ് ശനിയാഴ്ച മടങ്ങിവരണം എന്നുണ്ടെങ്കിൽ ഒപ്പിടണം. അല്ലെങ്കിൽ ബിനീഷ് അവിടെ കിടക്കും എന്നും പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. ഞാൻ ജയിലിൽ കിടക്കേണ്ടി വന്നാലും ശരി, വീട്ടിൽ നിന്ന് കിട്ടാത്ത ഒരു സാധനത്തിന് ഒപ്പിട്ട് തരില്ലെന്ന് ശക്തമായി പറഞ്ഞു. ഇന്നലെ രാത്രി 11.30 യ്ക്ക് അവസാനിച്ച റെയ്ഡാണ്. വീടിനകത്ത് ഒരു മുറിയിൽ മാത്രമായിരുന്നു പരിശോധന നടന്നത്,'- റെനിറ്റ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam