ഇഡിയുടെ റെയ്ഡ്; 26 മണിക്കൂറിൽ നടന്നതെന്തൊക്കെ? ബിനീഷും വിവാദങ്ങളും അനൂപ് മുഹമ്മദും, തുറന്നുപറഞ്ഞ് റിനിറ്റ

By Web TeamFirst Published Nov 5, 2020, 8:42 PM IST
Highlights

'വീട്ടിലെത്തിയപ്പോൾ ഫോൺ അടക്കം ഉദ്യോഗസ്ഥർ വാങ്ങിവെച്ചു.  ചെറിയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഉച്ചയോടെ സെർച്ച് എല്ലാം പൂർത്തിയായെങ്കിലും ഇഡി പോകാൻ കൂട്ടാക്കിയില്ല.' 

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടത്തിയ 26 മണിക്കൂർ നീണ്ട റെയ്ഡിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് ബിനീഷിന്റെ ഭാര്യ റിനിറ്റ. സേർച്ച് വാറണ്ട് ഉണ്ടെന്നറിയിച്ച് ഇഡി വിളിച്ചത് അനുസരിച്ചാണ് വീട്ടിലേക്ക് എത്തിയതെന്നും അതിന് ശേഷം പുറത്തേക്ക് പോകാൻ പോലും അനുവദിച്ചില്ലെന്നും റിനിറ്റ പ്രതികരിച്ചു. 

'വീട്ടിലെത്തിയപ്പോൾ ഫോൺ അടക്കം ഉദ്യോഗസ്ഥർ വാങ്ങിവെച്ചു. എനിക്കൊപ്പം  ചെറിയ കുട്ടിയുമുണ്ടായിരുന്നു.  ഉച്ചയോടെ സെർച്ച് എല്ലാം പൂർത്തിയായെങ്കിലും ഇഡി ഉദ്യോഗസ്ഥർ പോകാൻ കൂട്ടാക്കിയില്ല. വൈകിട്ട് ഒപ്പിടിക്കുന്ന സമയത്താണ് മുഹമ്മദ് അനൂപിന്റെ പേരുള്ള കാർഡ് കാണിച്ച് വീട്ടിൽ നിന്ന് ലഭിച്ചതാണെന്ന് അറിയിച്ചത്. അത് വീട്ടിൽ നിന്ന് എടുത്തതല്ലെന്നും ഒപ്പിടാൻ പറ്റില്ലെന്നും അവരെ അറിയിച്ചു. ഇതോടെ ഇഡി ബുദ്ധിമുട്ടിച്ചു'. രേഖകൾ ഒപ്പിടാൻ നിർബന്ധിച്ചു. ഒപ്പിട്ടില്ലെങ്കിൽ കോടതിയിൽ കയറ്റുമെന്ന ഭീഷണിയുണ്ടായതായും റിനീറ്റ പറഞ്ഞു. 

മയക്കുമരുന്നുകേസിലെ പ്രതി അനൂപ് മുഹമ്മദിനെ തനിക്ക് അറിയില്ല. ബിനീഷ് 50 ലക്ഷത്തിന്റെ കടക്കാരനാണ്. ബന്ധുവിന്റെ സ്വത്ത് പണയം വെച്ചാണ് ലോൺ എടുത്തത്. ആ പണമാണ് ഹോട്ടൽ ബിസിനസിന് വേണ്ടി കൈമാറിയത്. സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി ചോദിച്ചതെല്ലാം നേരത്തെ ബിനീഷ് ഇഡിക്ക് മെയിൽ അയച്ചിരുന്നു. സോഴ്സടക്കം വ്യക്തമാക്കിയതുമാണ്.  അക്കാര്യങ്ങൾ തന്നോടും ചോദിച്ചറിഞ്ഞെന്ന് റിനീറ്റ വ്യക്തമാക്കി. ബിനീഷ് ലഹരി ഉപയോഗിക്കില്ല. ഒരു കാർ മാത്രമേ ഉള്ളൂ. മറ്റ് വാഹനങ്ങൾ സുഹ്യത്തുക്കളുടേതാണ്. പ്രതിസന്ധി ഘട്ടത്തിൽ അച്ഛൻ( കോടിയേരി ബാലകൃഷ്ണൻ) ആശ്വസിപ്പിച്ചു. പ്രശ്നങ്ങൾ മാറുമെന്ന് പറഞ്ഞ് ധൈര്യം തന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

"

click me!