
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും. യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലർത്തി. ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും. ജനങ്ങൾ ഞങ്ങളെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കും. സർക്കാരിനെതിരായ വികാരം ഉണ്ടായോ എന്നത് അടക്കം പരിശോധിക്കും. ഇടത് മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യും. പിഎം ശ്രീയിൽ സിപിഎമ്മിനും സിപിഐക്കും ഒരേ മൗലിക അഭിപ്രായം തന്നെയാണ്. ജനങ്ങൾക്ക് ഒരുപാട് ഉപകാരം ചെയ്ത സർക്കാരാണിത്. എന്തുകൊണ്ട് ആ സർക്കാരിനെതിരെ ഇങ്ങനെ ഒരു ജനവിധി ഉണ്ടെയതെന്ന് പരിശോധിക്കും. ഇടത് മൂല്യങ്ങൾ ഉയർത്തി പിടിച്ച് മാത്രമേ ഇടത് പക്ഷത്തിന് മുന്നോട്ട് പോകാനാകൂ. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നുള്ള എല്ലാ പാഠങ്ങളും പഠിക്കും. സർക്കാർ പാഠങ്ങൾ പഠിക്കണമെന്നും തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എംഎം മണിയുടെ വിവാദ പ്രസ്താവനയിലും ബിനോയ് വിശ്വം പ്രതികരിച്ചു. രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുമ്പോൾ ജനങ്ങളെ മാനിക്കണമെന്നും ജനം തങ്ങൾക്ക് താഴെയാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നായിരുന്നു എംഎം മണിയുടെ വിവാദ പരാമർശം. വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചുവെന്നും എംഎം മണി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫ് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലായിരുന്നു എംഎം മണിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam