
തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിരീകരിച്ചിരിക്കുന്നത്.
അധികൃതര്‍ ചത്ത കോഴികളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലേക്കയച്ച മൂന്ന് സാംപിളുകളില്‍ രണ്ടും പോസീറ്റിവാണെന്നാണ് അധികൃതര്‍ക്ക് കിട്ടിയ വിവരം. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള തീയതിയും സമയക്രമവും ഉടനെ തീരുമാനിക്കും.
നേരത്തെ കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലും വേങ്ങരയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ രണ്ട് പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കുകയും മേഖലയില്‍ കോഴിയിറച്ചി വ്യാപാരമടക്കം നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്ച മലപ്പുറം പെരുവള്ളൂരില്‍ മൂന്ന് കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ മൃഗസംരക്ഷണവകുപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam