വിചിത്ര നടപടി, പാലത്തിന് മുകളിൽ മതിൽ കെട്ടി; തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കെതിരെ ജനരോഷം; വഞ്ചിയൂരിലെ നാട്ടുകാർ സമരത്തിലേക്ക്

Published : Jul 14, 2026, 04:58 PM ISTUpdated : Jul 14, 2026, 05:07 PM IST
Thiruvananthapuram Corporation

Synopsis

ആമയിഴഞ്ചാൻ തോടിന്റെ വശം ഇടിഞ്ഞതിനെ തുടർന്ന് വഞ്ചിയൂരിലെ പാലം പുനർനിർമ്മിക്കുന്നതിന് പകരം മതിൽ കെട്ടി അടച്ച കോർപറേഷൻ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു. പ്രധാന പാത അടച്ചതോടെ യാത്രാദുരിതം രൂക്ഷമായെന്നും, പാലം ഉടൻ തുറന്നില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി വഞ്ചിയൂർ നെല്ലിപ്പള്ളി ലൈനിലെ നാട്ടുകാർ രംഗത്ത്. ആമയിഴഞ്ചാൻ തോടിന്റെ വശങ്ങൾ ഇടിഞ്ഞു വീണിട്ട് വർഷങ്ങളായി. ഇവിടെ കൃത്യമായ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലം യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുന്നതിന് പകരം, അതിന് മുകളിലൂടെ മതിൽ കെട്ടി അടച്ച നടപടിക്കെതിരെയാണ് ജനരോഷം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ തിരുവനന്തപുരം കോർപറേഷനെയും സ്ഥലം കൗൺസിലർ ജലവിഭവ വകുപ്പിനെയുമാണ് പഴിക്കുന്നത്.

കോർപറേഷൻ ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയാണ് തങ്ങളെ ഇത്ര വലിയ ദുരിതത്തിലാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തോടിന്റെ വശങ്ങൾ ഇടിഞ്ഞു തുടങ്ങിയപ്പോൾ തന്നെ വാർഡ് കൗൺസിലറെയും കോർപറേഷൻ അധികൃതരെയും നിരവധി തവണ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഫണ്ടില്ലെന്ന കാരണവും, ഇത് തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും പറഞ്ഞ് ഉത്തരവാദിത്തം ജലവിഭവ വകുപ്പിന്റേതാണെന്നും കോർപറേഷൻ നിലപാടെടുത്തു. ഒടുവിൽ നാട്ടുകാരുടെ പരാതി പരിഹരിക്കാൻ പാലത്തിലൂടെയുള്ള ഗതാഗതം ഇല്ലാതാക്കി, ഇവിടെ കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് വഴി അടയ്ക്കുകയാണ് അധികൃതർ ചെയ്തത്.

പാറ്റൂർ - വഞ്ചിയൂർ റോഡിനെയും അമ്പലത്തുമുക്ക് സമദ് ഹോസ്പിറ്റലിനെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന പാത അടച്ചതോടെ രോഗികളുമായി എത്തുന്ന വാഹനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞ് പോകേണ്ട ഗതികേടിലാണ്. പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്കും സെക്രട്ടേറിയറ്റിലേക്കും വേഗത്തിൽ പോകാൻ ജനങ്ങൾ ആശ്രയിച്ചിരുന്ന റോഡാണ് ഈ അവസ്ഥയിലായത് കിടക്കുന്നത്. രോഗികൾക്കും വിദ്യാർത്ഥികൾക്കും യാത്രാ ദുരിതം സമ്മാനിക്കുന്നതിൽ കോർപറേഷൻ ഭരണസമിതിക്ക് യാതൊരു ദാക്ഷിണ്യവുമില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

കോൺക്രീറ്റ് സ്ലാബിട്ട് റോഡ് വികസിപ്പിക്കാൻ വർഷങ്ങൾക്ക് മുൻപ് എൽ.ഡി.എഫ് സർക്കാർ അനുമതി നൽകിയിരുന്നു. കരാർ കമ്പനികളുമായുള്ള തർക്കം പരിഹരിച്ച് പദ്ധതി നടപ്പിലാക്കാൻ കോർപറേഷൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. വാർഡിലെ വികസന പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കണ്ടറിയുന്നതിലും ഭരണസമിതി പൂർണ്ണ പരാജയമാണെന്നാണ് ഉയരുന്ന വിമർശനം. പാലം അടിയന്തരമായി പുനർനിർമ്മിച്ച് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ കോർപറേഷൻ ഓഫീസിന് മുന്നിലേക്ക് ശക്തമായ ജനകീയ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവും'; കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ
കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി, നേതാക്കളുടെ പെരുമാറ്റത്തിലടക്കം അടിമുടി തിരുത്തിന് നിർദ്ദേശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി