
പാലക്കാട്: പാലക്കാട് കണ്ണാടിയിൽ വോട്ടിന് നോട്ട് ആരോപണം ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ട കോൺഗ്രസ് സംഘത്തിനെതിരെ ആരോപണവുമായി ബി ജെ പി. കാറിൽ എത്തിയ കോൺഗ്രസ് സംഘം എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് ബി ജെ പി നേതാക്കളുടെ ആരോപണം. ശോഭക്കൊപ്പമെത്തിയവർ വോട്ടിന് പണം നൽകുന്നുവെന്നാരോപിച്ച് ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകർ ശോഭയെ തടയാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. നേരത്തെ ശോഭയും കാറിനുള്ളിലുള്ളവരുമായി തർക്കിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തിവന്നിരുന്നു. ദൃശ്യങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കാറിനകത്ത് ഇരിക്കുന്നതും ശോഭ സുരേന്ദ്രൻ അങ്ങോട്ട് ചെന്ന് തർക്കിക്കുന്നതും വ്യക്തമാണ്. വീഡിയോ എടുത്തയാൾക്കെതിരെ 'അടിച്ച് നിന്റെ കരണക്കുറ്റി പൊളിക്കും, ഫോണ്‍ നുറുക്കും' എന്നടക്കമുള്ള ഭീഷണി മുഴക്കുന്നതും വ്യക്തമാണ്. അതേസമയം വോട്ടിന് നോട്ട് ആരോപണത്തിൽ ബി ജെ പി നേതാക്കൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബി ജെ പി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ടുള്ള വീഡിയോ ആണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു എന്നാണ് ആരോപണം. ഈ സമയം കാറിൽ എൻ ഡി എ സ്ഥാനാർത്ഥിയുണ്ടായിരുന്നു എന്നും കോൺഗ്രസ് പ്രവർത്തകർ വിവരിച്ചു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകരോട് ശോഭ മോശമായി പെരുമാറിയെന്നും ഇവർ വിവരിച്ചു. വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam