നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം നാളെ; ബിജെപി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു

By Web TeamFirst Published Sep 29, 2019, 6:35 AM IST
Highlights

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് വിവരം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട സമയം നാളെ അവസാനിക്കാനിരിക്കേ ബിജെപി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും ധാരണയായില്ല. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന കുമ്മനം രാജശേഖരന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കുമ്മനം മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് വിവരം. ജില്ലാ പ്രസിഡന്‍റ് എസ് സുരേഷ്, വിവി രാജേഷ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.

കോന്നിയിൽ കെ സുരേന്ദ്രന്‍റെ സ്ഥാനാർത്ഥിത്വത്തിന്‍റെ കാര്യത്തിലും അന്തിമതീരുമാനമായില്ല. സുരേന്ദ്രൻ മത്സരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാല്‍ കോന്നിയില്‍ സുരേന്ദ്രൻ വന്നാൽ ജയസാധ്യത ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ പാർലമെന്‍റ് തെര‌ഞ്ഞെടുപ്പിൽ കോന്നി പാർലമെന്‍റ് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ കഴി‌ഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരിലൊരാളെ  മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്ന എ പ്ലസ് കാറ്റഗറിയിലാണ് വട്ടിയൂർക്കാവിനെ ബിജെപി ഉൾപ്പെടുത്തിയത്. വട്ടിയൂർക്കാവിൽ 2011-ലും 2016-ലും ശക്തമായ മത്സരമാണ് നടന്നത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടിയ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്. 7622 വോട്ടുകളായിരുന്നു 2016-ൽ കെ മുരളീധരന്‍റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് കുമ്മനമായിരുന്നു. അന്ന്, സിപിഎമ്മിനായി മത്സരിച്ച ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 


 

click me!