ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആലപ്പുഴ ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ

By Web TeamFirst Published Feb 25, 2021, 6:12 AM IST
Highlights

വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.

വയലാര്‍: ആലപ്പുഴ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. എസ്‍ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്. വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്. 

ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർഎസ്എസ് പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് രണ്ട് വിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. നാഗംകുളങ്ങര തട്ടാംപറന്പിൽ നന്ദു കൃഷ്ണയാണ് മരിച്ചത്. തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.

സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കെ.എസ് നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് നന്ദുവിൻറെ വീട് സന്ദര്‍ശിക്കും. അതേസമയം ജാഥയ്ക്ക് നേരെ ആര്‍എസ്എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്ന് എസ്ഡിപിഐ നേതാക്കൾ പ്രതികരിച്ചു.

click me!