ബിജെപിയുടെ യാത്ര ഫെബ്രുവരി 20 മുതല്‍; 'ശോഭ പ്രശ്നം' മാധ്യമ സൃഷ്ടിയെന്ന് സുരേന്ദ്രന്‍

By Web TeamFirst Published Jan 29, 2021, 5:59 PM IST
Highlights

ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലീം തീവ്രവാദത്തിന് ഇരയാകുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫില്‍ കോണ്‍ഗ്രസിന് കറിവേപ്പിലയുടെ സ്ഥാനമാണ്.  ക്രൈസ്തവരുടെ ആശങ്ക അസ്ഥാനത്തല്ലെന്നും സുരേന്ദ്രന്‍ 

തൃശൂര്‍: എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫനൊപ്പം ജമാഅത്ത ഇസ്ലാമിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടാണ് എല്‍ഡിഎഫിനൊപ്പമുള്ളത്. ഇതിൽ ക്രൈസ്തവ സമൂഹം ദുഖിതരാണ്. ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലീം തീവ്രവാദത്തിന് ഇരയാകുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യുഡിഎഫില്‍ കോണ്‍ഗ്രസിന് കറിവേപ്പിലയുടെ സ്ഥാനമാണ്.  ക്രൈസ്തവരുടെ ആശങ്ക അസ്ഥാനത്തല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കും. വിവിധ ജനവിഭഗത്തിൽപ്പെട്ടവര്‍ക്ക് പ്രാതിനിധ്യം നൽകും.

എല്‍ഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രചാരണത്തിന് തീരുമാനമെടുത്തിട്ടുണ്ട്. ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നം മാധ്യമസൃഷ്ടിയാണെന്നും തൃശൂരില്‍ നടന്ന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20നാണ് ആരംഭിക്കുക.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒപ്പം ചേർത്ത് പുതിയ പദ്ധതികളാവിഷ്ക്കരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുടലെടുത്തതിന്റെ സാഹചര്യത്തിൽ ക്രിസ്ത്യൻ വോട്ടുകളിൽ ലക്ഷ്യം വെക്കണമെന്ന് യോഗത്തിൽ പൊതു അഭിപ്രായമുയർന്നതായാണ് വിവരം.

ഇതിനായി താഴെത്തട്ട് മുതൽ പ്രവർത്തനം നടത്തണം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കാനും സംസ്ഥാന നേതൃത്വ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ചും യോഗത്തിൽ ചർച്ചകളുണ്ടായി.

സംസ്ഥാന  അധ്യക്ഷൻ കെ സുരേന്ദ്രൻ, യോഗത്തിൽ ഇത്തവണ താൻ മത്സരരംഗത്തേക്കില്ലെന്ന നിലപാടെയുത്തെങ്കിലും അത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി രാധാകൃഷ്ണൻ അറിയിച്ചു. 

അതിനിടെ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടു നിന്നു. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ശോഭ ആവർത്തിച്ചു.

click me!