
തിരുവനന്തപുരം : യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനാണ് ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് ബി ഗോപാലകൃഷ്ണന്‍റെ ആരോപണം. ഗവര്‍ണര്‍ ആക്ട് ചെയ്യണം. അതിന് കഴിയുന്നില്ലെങ്കിൽ രാജി വച്ച് വീട്ടിൽ പോകാൻ തയ്യാറാകണമെന്നും ബിജെപി വക്താവ് പ്രതികരിച്ചു.
നോക്കുകുത്തിയായി ഗവർണര്‍ പദവിയിൽ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്നും ബി ഗോപാലകൃഷ്ണൻ വിമര്‍ശിച്ചു. യൂണിവേഴ്‍സിറ്റി കോളേജിൽ നിന്നും മുൻപ് പഠിച്ചിറങ്ങിയ എസ്എഫ്ഐ നേതാക്കളുടെ പിഎസ്‍സി പരീക്ഷാ ഫലവും പരിശോധിക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെടുന്നു.
പരീക്ഷ ക്രമക്കേടിൽ നിലവിലെ അന്വേഷണം ഫലപ്രദമല്ല. സിന്‍റികേറ്റ് അന്വേഷിച്ചാൽ അത് കള്ളൻ കളവ് കേസ് അന്വേഷിക്കുന്നതിന് തുല്യമാണ്. പിണറായി സർക്കാർ കുറ്റവാളികളുടെ സർക്കാരാണ്. സര്‍വകലാശാല പരീക്ഷാ ക്രമക്കേടിൽ പുറത്ത് നിന്നുള്ള ഏജൻസിയുടെ അന്വേഷണം ഉറപ്പാക്കാൻ ഗവര്‍ണര്‍ ഇടപെടണമെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam