കൈ കൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി ഗുരുവായൂര്‍ ക്ഷേത്ര ഫണ്ടിന് കൈനീട്ടുന്നത് അപലപനീയമെന്ന് ബിജെപി നേതാവ്

By Web TeamFirst Published May 5, 2020, 7:46 PM IST
Highlights

അഞ്ച് കോടി രൂപ സര്‍ക്കാരിന് നല്‍കിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടി തോന്നിവാസമാണെന്നും ദേവസ്വത്തിന്റെ സ്വത്ത് ഭഗവാന്റേതാണെന്നും ബി ഗോപാലകൃഷ്ണന്‍
 

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ട് 5 കോടി രൂപ സംഭാവന നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. അഞ്ച് കോടി രൂപ സര്‍ക്കാരിന് നല്‍കിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടി തോന്നിവാസമാണെന്നും ദേവസ്വത്തിന്റെ സ്വത്ത് ഭഗവാന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂരില്‍ കൈ കൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി കൈ നീട്ടി ഗുരുവായൂര്‍ ക്ഷേത്ര ഫണ്ട് നിയമവിരുദ്ധമായി മേടിക്കുന്നത് അപലപനീയമാണ്. ഭഗവാന്‍ നിയമപരമായി മൈനര്‍  അവകാശിയാണ്. മൈനറുടെ സ്വത്ത് നിയമപരമായി കൈവശപ്പെടുത്തുവാനോ പതിച്ച് കൊടുക്കുവാനോ ആര്‍ക്കും അവകാശമില്ല. ക്ഷേത്ര സ്വത്തിന്റെ അവകാശം മൈനറായ പ്രതിഷ്ഠക്ക് മാത്രമാണ്. ഗുരുവായൂര്‍ ദേവസ്വം ആക്ട് സെക്ഷന്‍ 27ല്‍ ഈ കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നുണ്ടെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. ഇത്തരം നടപടികള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്വയം പിന്‍തിരിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഞ്ച് കോടി രൂപ സര്‍ക്കാരിന് നല്‍കിയ ഗുരുവായൂര്‍ ദേവസ്വം നടപടി താന്നിവാസം. ദേവസ്വത്തിന്റെ സ്വത്ത് ഭഗവാന്റേതാണ്, ഭഗവാന്‍ നിയമപരമായി മൈനര്‍ അവകാശിയാണ്. മൈനറുടെ സ്വത്ത് നിയമപരമായി കൈവശപ്പെടുത്തുവാനോ പതിച്ച് കൊടുക്കുവാനോ ആര്‍ക്കും അവകാശമില്ല. എല്ലാ ക്ഷേത്രസ്വത്തിന്റേയും അവകാശം, മൈനറായ പ്രതിഷ്ഠക്ക് മാത്രമാണ്. ഗുരുവായൂര്‍ ദേവസ്വം ആക്ട് സെക്ഷന്‍ 27, ഈ കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു.

ദേവസ്വം ഫണ്ടില്‍ നിന്ന് ഒരു പൈസ പോലും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ഫണ്ടിലേക്കോ, ക്ഷേത്രകാര്യങ്ങള്‍ക്കല്ലാത്ത കാര്യങ്ങള്‍ക്കോ ചിലവിടാന്‍ കഴിയില്ല. നിയമം ഇങ്ങിനെ ഉള്ളപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയ ഗുരുവായൂര്‍ ദേവസ്വം നടപടി തോന്നിവാസവും അപലപനീയവുമാണ്. ദേവസ്വം ചെയര്‍മാന്‍, പ്രളയ പ്രളയഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കിയതിനെതിരെ ബഹു: ഹൈക്കോര്‍ട്ടില്‍ ഡബ്ല്യു പി സി 20495/19 എന്ന നമ്പറില്‍ ദേവസ്വത്തിനെതിരെ ഫയല്‍ ചെയ്ത കേസ്സില്‍ വാദം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും നിയമവിരുദ്ധമായി ദേവസ്വം ഫണ്ട് വകമാറ്റുന്നത്.

ഇതിന് മുന്‍പ് ഇത് പോലെ ഒരു വകമാറ്റല്‍ നടത്തിയതിനെതിരെ സി.കെ രാജന്‍ എന്ന ഭക്തന്‍ കൊടുത്ത കേസ്സില്‍ കോടതി വകമാറ്റിയ തുക തിരിച്ച് ദേവസ്വത്തിലേക്ക് അടപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനും രാഷ്ട്രീയ നേതാക്കള്‍ക്കും തോന്നിയത് പോലെ ചിലവഴിക്കാനുള്ളതല്ല ഭഗവാന് ഭക്തന്മാര്‍ കൊടുക്കുന്ന വഴിപാട് പണം. കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്.

ഇത്തരം നടപടികള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്വയം പിന്‍തിരിയണം. കാലാവധി കഴിയുന്ന ചില നിയമനങ്ങള്‍ നീട്ടി കിട്ടുവാനുള്ള ചില സൂത്രപ്പണി മാത്രമാണ് ഈ തോന്നിവാസങ്ങളുടെ പിന്നില്‍. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഗുരുവായൂരില്‍ കൈ കൂപ്പാന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി കൈ നീട്ടി ഗുരുവായൂര്‍ ക്ഷേത്ര ഫണ്ട് നിയമവിരുദ്ധ ായി മേടിക്കുന്നത് അപലപനീയമാണ്.അഞ്ച് കോടി രൂപ വക മാറ്റി സര്‍ക്കാര്‍ ഫണ്ടിലേക്ക് നിയമ വിരുദ്ധമായി മാറ്റിയ നടപടി പിന്‍വലിക്കണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നു.
 

click me!