കെവി തോമസിന്റെ പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റെന്ന് പത്മജാ വേണുഗോപാ‍ൽ; 'ചാലക്കുടിയിൽ തന്നെ നിർത്താൻ അച്ഛൻ ആഗ്രഹമുണ്ടായിരുന്നു'

Published : May 11, 2026, 01:07 PM ISTUpdated : May 11, 2026, 01:40 PM IST
p

Synopsis

കെവി തോമസിന്റെ പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണെന്നും ചാലക്കുടിയിൽ തന്നെ നിർത്താൻ അച്ഛൻ ആഗ്രഹമുണ്ടായിരുന്നുവെന്നും പത്മജാ വേണുഗോപാ‍ൽ. താൻ തന്നെ പറഞ്ഞതുകൊണ്ടാണ് പിന്നീട് പിന്മാറിയതെന്നും പത്മജ വേണുഗോപാൽ മാധ്യമങ്ങളോട്

തൃശൂർ: കെവി തോമസിന്റെ പുസ്തകത്തിൽ കരുണാകരനെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജാ വേണുഗോപാ‍ൽ. കെവി തോമസിന്റെ പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണെന്നും ചാലക്കുടിയിൽ തന്നെ നിർത്താൻ അച്ഛന് ആഗ്രഹമുണ്ടായിരുന്നുവെന്നും പത്മജാ വേണുഗോപാ‍ൽ പറഞ്ഞു. താൻ തന്നെ പറഞ്ഞതുകൊണ്ടാണ് പിന്നീട് പിന്മാറിയത്. കെ മുരളീധരനെ കെപിസിസി അധ്യക്ഷൻ ആക്കുന്നതിൽ സോണിയ ഗാന്ധിക്ക് എതിർപ്പുണ്ടായിരുന്നെന്ന വാദവും തെറ്റാണെന്നും പത്മജാ വേണുഗോപാ‍ൽ മാധ്യമങ്ങളോട് പറഞ്ഞു.

കെ കരുണാകരൻ ക്ഷീണിതനായപ്പോൾ കെവി തോമസ് എ കെ ആന്റണിക്ക് അടുത്തേക്ക് പോയി. കെ കരുണാകരനെ കെവി തോമസ് ചതിച്ചു. അവിടെ നിന്നാണ് പിണറായി വിജയന്റെ അടുത്തേക്ക് പോയത്. കാര്യം കാണാൻ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യൻ വേറെയില്ല. ഇപ്പോൾ കെവി തോമസ് ഒന്നുമല്ലാതെയായി. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട, കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ വിഷമം തോന്നി. കെ കരുണാകരനും സോണിയ ഗാന്ധിയും തെറ്റാൻ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. ഞാനത് പറയണമെങ്കിൽ കൂടുതൽ പറയേണ്ടിവരും. സീനിയർ നേതാക്കളെ വേദനിപ്പിക്കേണ്ടി വരും. എങ്ങനെ കെവി തോമസ് തോമസ് ആയി എന്നോർത്താൽ നന്ന്. കെവി തോമസ് വല്ലതും പറഞ്ഞാൽ പഴയ ചരിത്രം ഞാൻ വിളിച്ചു പറയും. പുസ്തകം വിറ്റുപോകാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. കെവി തോമസ് അടുത്ത് ആരുടെ അടുത്തേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല. അവരെ സന്തോഷിപ്പിക്കാൻ ആണോ ബുക്ക് വിൽക്കാൻ ആണോ ഇതൊക്കെ പറഞ്ഞത് എന്നറിയില്ലെന്നും പത്മജ പറഞ്ഞു.

തൃശ്ശൂരിൽ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നത് അന്വേഷിക്കണം. പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് എൽഡിഎഫിനോടുള്ള ദേഷ്യമാണ് ഇത്തവണ കണ്ടതെന്നും തൃശ്ശൂരെന്റെ നാടല്ലേ പാർട്ടി പറഞ്ഞാൽ ഇനിയും നിൽക്കുമെന്നും പത്മജ പറഞ്ഞു. 

വൻ വെളിപ്പെടുത്തലുമായി കെ വി തോമസിന്റെ പുസ്തകം

കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം വെളിപ്പെടുത്തി മുതിർന്ന നേതാവ് കെ വി തോമസിന്റെ പുസ്തകം. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിന് സീറ്റ് നൽകാൻ സോണിയ ഗാന്ധി താൽപര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസ് തന്റെ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്. മകൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കരുണാകരനുണ്ടായ കടുത്ത അമർഷമാണ് പിന്നീട് ഹൈക്കമാൻഡുമായുള്ള പരസ്യമായ അകൽച്ചയിലേക്ക് നയിച്ചതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

2001ലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി അവരറിയാതെ പത്മജയുടെ പേര് കരുണാകരൻ എഴുതിച്ചേർത്തു. എന്നാൽ കോൺഗ്രസിലെ മറുപക്ഷം ഇത് കണ്ടുപിടിക്കുകയും സോണിയയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ കരുണാകരനോട് സോണിയ ദേഷ്യപ്പെട്ടെന്നും കെവി തോമസിന്‍റെ പുസ്തകത്തിൽ പറയുന്നു. അങ്ങനെയാണ് പത്മജയുടെ പേര് വെട്ടിയതെന്നും ഇതാണ് കരുണാകരനും സോണിയയും തമ്മിൽ അകലാൻ കാരണമെന്നുമാണ് പുസ്തകം പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി, 'പട നയിച്ചവൻ നാട് നയിക്കട്ടെ' കൂറ്റൻ ഫ്ലക്സ് ഉയർന്നു; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്
വമ്പൻ വെളിപ്പെടുത്തലുമായി കെവി തോമസിന്‍റെ പുസ്തകം, സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റിന്‍റെ പേരിലെ കള്ളക്കളി