'കൃഷ്ണദാസ് പക്ഷം' എന്നൊരു പക്ഷമില്ല; വാര്‍ത്തയ്ക്ക് പിന്നില്‍ ഇടത് മാധ്യമ സിൻഡിക്കേറ്റെന്ന് പി കെ കൃഷ്ണദാസ്

By Web TeamFirst Published Dec 18, 2020, 9:02 PM IST
Highlights

"കൃഷ്ണദാസ് പക്ഷം" എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിൽ ഇല്ലെന്നും പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
 

തിരുവനന്തപുരം: ബിജെപിയില്‍ വിഭാഗീയതയുണ്ടെന്നതരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇടത് മാധ്യമ സിൻഡിക്കേറ്റ് ആണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. "കൃഷ്ണദാസ് പക്ഷം" എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിൽ ഇല്ലെന്നും  പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു കൃഷ്ണദാസിന്‍റെ പ്രതികരണം. ബി.ജെ.പിയിൽ വിഭാഗീയതയുണ്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. "കൃഷ്ണദാസ് പക്ഷം" എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിൽ ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സത്യത്തിൽ എന്‍റെ അറിവിലോ സമ്മതത്തിലോ ഒരു കത്ത് ദേശീയ നേതൃത്വത്തിന് നൽകിയിട്ടില്ലെന്ന് കൃഷ്ണദാസ് പറയുന്നു. 

ഈ സംഘടനയുടെ പ്രവർത്തന ശൈലിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് പക്ഷവും കക്ഷിയും  ചേർത്ത് വാർത്ത മെനയുന്നത്.പാർട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്, നല്ല മുന്നേറ്റമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം. ഇനി അധികം സമയമില്ല. ഇത്തരം വാർത്തകൾ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഇടത് മാധ്യമ സിൻഡിക്കറ്റിൻറെ അജണ്ടയാണ്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കൂടുതൽ കരുത്തോടെ പാർട്ടി മുന്നോട്ടു പോകും- പികെ കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടയൊരുക്കം തുടങ്ങിയിരുന്നു.  സുരേന്ദ്രനുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചുവെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി കൃഷ്ണദാസ് രംഗത്തെത്തിയത്. 

click me!