
പാലക്കാട്: കൽപ്പാത്തി രഥോത്സവ സമയത്ത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചത് മാറ്റേണ്ടതില്ലെന്ന് ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ. രഥോത്സവ സമയത്ത് പുറത്ത് നിന്നുള്ള വോട്ടർമാർ നാട്ടിലെത്തുന്ന സമയമാണെന്നും കൽപ്പാത്തിയിൽ ഏറെയും ബിജെപി വോട്ടുകളായതിനാൽ ഇത് ഗുണം ചെയ്യുമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ അധ്യക്ഷൻ കത്ത് കൊടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 13, 14, 15 തീയ്യതികളിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്. ഇതിൽ ഒന്നാം തേരുത്സവം നവംബർ 13 നാണ്. ഈ തീയ്യതിയിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസും സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കൽപ്പാത്തിയിലെ വാർഡുകളെല്ലാം ബിജെപി ജയിച്ചതാണെന്നും ബൂത്തുകളെല്ലാം ബിജെപി ലീഡ് ചെയ്യുന്ന ബൂത്തുകളാണെന്നും ശിവരാജൻ ചൂണ്ടിക്കാട്ടുന്നു. കൽപ്പാത്തി രഥോത്സവ നാളിൽ തെരഞ്ഞെടുപ്പ് വെച്ചാൽ ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് അറിയുന്നത് കൊണ്ടാണ് യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മുഴുവൻ അഗ്രഹാര വോട്ടർമാരും ഈ മൂന്ന് ദിവസങ്ങളിലും കൽപ്പാത്തിയിലെത്തും. 16 കഴിഞ്ഞാൽ എല്ലാവരും തിരികെ പോകും. 20 ന് തെരഞ്ഞെടുപ്പ് വെച്ചാൽ ഇവിടെ വോട്ട് ചെയ്യാൻ ആളുണ്ടാവില്ല. ബിജെപിക്ക് ലഭിക്കേണ്ട വോട്ട് കുറയ്ക്കാനാണ് യുഡിഎഫ് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam