
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിനെതിരായ കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന തള്ളിയ അദ്ദേഹം വിഎം സുധീരനും രമേശ് ചെന്നിത്തലയും നൽകിയ സംഭാവനകളെ പിന്തുണച്ച് സംസാരിച്ചു. സിഎംഡിആർഎഫിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ജനത്തിന് ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ സംസ്ഥാന സർക്കാർ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തത്തെ രാഷ്ട്രീയ വത്കരിക്കേണ്ട സമയവുമല്ല ഇത്. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകൾ സുതാര്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതർക്കായി കെപിസിസി നൂറ് വീട് വച്ച് നൽകുമെന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. ജനം അങ്ങനെ പണം സംഭാവന ചെയ്യുന്നതിൽ മടിക്കുന്നുണ്ടെങ്കിൽ ആ സംശയം ദുരീകരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. അല്ലാതെ അറസ്റ്റ് ചെയ്യാനല്ല. പേടിക്കേണ്ട, ഇതൊരു വ്യത്യസ്ത അക്കൗണ്ടാണെന്ന് പറഞ്ഞാൽ അത് അവിടെ തീരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam