
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്നത് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ് നേതൃത്വം പാലക്കാട്ടെ ജനതയെ വഞ്ചിക്കുകയാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. കോൺഗ്രസ് നേതാവ് വി ഡി സതീശൻ്റെ വാർത്താ സമ്മേളനവും, നിരാശയിൽ നിന്നുടലെടുത്ത അദ്ദേഹത്തിൻ്റെ ആരോപണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തോട് പറയാനുള്ളത് ഇത്ര മാത്രം - നിങ്ങളുടെ എംഎൽഎയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ലെന്ന് ജീവ് ചന്ദ്രശേഖർ പറഞ്ഞു.
വനിതാ നേതാക്കളടക്കം കോൺഗ്രസ് പാർട്ടിയിലുള്ളവർ വേട്ടക്കാരനായ ഈ എംഎൽഎ, നിയമസഭാംഗത്വം രാജി വയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും കോൺഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്തത് എന്ത് കൊണ്ടാണ്, സതീശൻ അതിനാണ് മറുപടി പറയേണ്ടത്. രാഹുൽ ഗാന്ധിക്ക് കീഴിൽ വഞ്ചകരുടെയും ചൂഷകരുടെയും തട്ടിപ്പുകാരുടെയും സംഘമായി മാറിയിരിക്കുകയാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ല. രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ച് സംസാരിക്കും. അതേ സമയം ജമാ അത്തെ ഇസ്ലാമിയടക്കമുള്ള ജനാധിപത്യവിരുദ്ധ സംഘടനകളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുകയും ചെയ്യും. പെണ്ണാണ്, പോരാടും തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രിയങ്ക ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കും. അതേ സമയം സ്ത്രീകളെ ചൂഷണം ചെയ്യുന്ന രാഹുൽ മാങ്കൂട്ടത്തെപ്പോലുള്ളവർ എംഎൽഎമാരായി തുടരുകയും ചെയ്യും.
സ്വന്തം തെറ്റുകൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാകാം, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇത്തരം എംഎൽഎമാരെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നത്. നുണ, കാപട്യം, പതിറ്റാണ്ടുകളായി ജനങ്ങളോടുള്ള വഞ്ചന - അതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടി. കേരള രാഷ്ട്രീയത്തിൽ തട്ടിപ്പുകാർക്ക് ഒരു സ്ഥാനവും ഉണ്ടാകരുത്. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രവൃത്തികളോട് പ്രതികരിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. കാരണം കേരളത്തിൽ യഥാർത്ഥ പ്രതിപക്ഷത്തിൻ്റെ ചുമതല നിറവേറ്റുന്ന ഒരേയൊരു പാർട്ടി ബിജെപി മാത്രമാണ്. ആരായിരുന്നാലും എവിടെയായിരുന്നാലും പ്രശ്നങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam