
തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സിപിഎം പ്രവർത്തകരുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ത്രിപ്പുണിത്തുറയ്ക്ക് സമീപം പൂത്തോട്ടയിൽ എറണാകുളം പാർലമെന്‍റ് മണ്ഡലത്തിലാണ് അയ്യങ്കാളി പ്രതിമ തകര്‍ക്കപ്പെട്ടത്.
കേരളത്തിലെ ഒരു വലിയ ജനവിഭാഗത്തെ വ്രണപ്പെടുത്തുന്നതും അവർക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തുന്നതുമായ നടപടിയാണിത്. ശക്തമായ ജനരോഷത്തെ തുടർന്നാണ് സംഭവത്തിൽ അറസ്റ്റുകൾ നടത്താൻ പോലീസ് തയ്യാറായത്. അറസ്റ്റ് ഒഴിവാക്കാൻ ഉന്നതതലങ്ങളിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. മൂന്ന് സിപിഎം പ്രവർത്തകരെ മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ബിജെപി ആരോപിച്ചു.
അയ്യങ്കാളി പ്രതിമ തകർത്ത സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സിപിഎം പ്രവർത്തകരെയും അതിന് പിന്നിലുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയവരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ പൂർണ്ണമായി തകർക്കപ്പെടുകയായിരുന്നു. ഇത് ആസൂത്രിതമായ ശ്രമത്തിന്‍റെ ഫലമാണ്.
നവോത്ഥാനത്തിന്‍റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സിപിഎം പ്രവർത്തകരാണ് നവോത്ഥാന നായകന്‍റെ പ്രതിമ തകർത്തതെന്നത് ഇവരുടെ നവോത്ഥാന നാടകം പൊളിച്ചു കാണിക്കുന്നു. പൂത്തോട്ട സംഭവത്തിൽ മുഴുവൻ കേരള ജനതയും ശക്തിയായി പ്രതിഷേധിക്കണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട സിഐടിയു പ്രവര്‍ത്തകരായ സലി, സനാപ്പന്‍, വിനീഷ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam