
ബെംഗളൂരു: യാക്കോബായ സഭാ പ്രതിനിധികളുമായി ഇനിയും ചർച്ചയ്ക്ക് തയ്യാറെന്ന് ബിജെപി. ദില്ലിയില്‍ കഴിഞ്ഞ ശനിയാഴ്ച ചർച്ചകളില്‍നിന്നും സഭാ പ്രതിനിധികൾ പെട്ടെന്ന് പിന്‍മാറിയത് എന്തുകൊണ്ടെന്നറിയില്ലെന്നും, സഭാ നേതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്നും കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കർണാടക മന്ത്രി അശ്വത് നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്നും അശ്വത് നാരായണന്‍ ബെംഗളൂരുവില്‍ വ്യക്തമാക്കി. കർണാടക ഉപമുഖ്യമന്ത്രി കൂടിയായ അശ്വത് നാരായണനാണ് യാക്കോബായ പ്രതിനിധികളുമായി ദില്ലിയില്‍ ആദ്യ ചർച്ച നടത്തിയിരുന്നത്.
കേസിൽപ്പെട്ട പളളികൾ കൈവിട്ടുപോകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം യാക്കോബായ സഭയെ അറിയിച്ചിരുന്നത്. പകരമായി സഭാ വിശ്വാസികൾക്ക് ഭൂരിപക്ഷമുളള മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. അമിത് ഷാ അടക്കമുളള ബിജെപിയുടെ മുതിർന്ന നേതാക്കളിൽ നിന്നുതന്നെ ഇക്കാര്യത്തിൽ ഉറപ്പ് കിട്ടണമെന്നായിരുന്നു സഭാ നേതൃത്വത്തിന്‍റെ നിലപാട്. എന്നാൽ ദില്ലിയിലെത്തിയ ബിഷപ്പുമാരുടെ സംഘത്തിന് ഇത്തരത്തിൽ യാതൊരു ഉറപ്പും കിട്ടിയില്ല.
മാത്രവുമല്ല വിശ്വാസികളുടെ വോട്ട് ബിജെപിക്കെന്ന് സഭ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പളളിത്തർക്കത്തിൽ വിശ്വാസികൾക്ക് ബോധ്യമാകുന്ന വിധത്തിൽ കേന്ദ്രസർക്കാരിന്‍റെ പരസ്യമായ ഇടപെടൽ ഇക്കാര്യത്തിൽ വേണമെന്നായിരുന്നു ബിഷപ്പുമാർ ആവശ്യപ്പെട്ടത്. എങ്കിൽമാത്രമേ ബിജെപി പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടാൻ കഴിയു. എന്നാൽ സുപ്രീംകോടതി ഉത്തരവിനെ മറികടിക്കാൻ കഴിയുന്ന യാതൊരു ഉറപ്പും കേന്ദ്ര സർക്കാരിന് നൽകാൻ കഴിയാതെ വന്നതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam