ത്രിപുരയിൽ ഭരണം നിലനിർത്താൻ ബിജെപി: തിരിച്ചു വരവിന് സിപിഎമ്മും കോൺ​​ഗ്രസും, പ്രചരണത്തിന് നേതാക്കളുടെ നീണ്ടനിര

By Web TeamFirst Published Feb 5, 2023, 1:16 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കൻമാർ തുടങ്ങിയ വൻ നിരയാണ് ബിജെപി പ്രചാരണത്തിൽ പങ്കെടുക്കുന്നത്.

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെ  പ്രചാരണത്തിന് ഇറക്കി ത്രിപുരയിൽ ഭരണം നിലനിർത്താൻ ബിജെപി . നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് പ്രചാരണത്തിനെത്തും. സിപിഎം, കോൺഗ്രസ് പാർട്ടികൾ ധാരണയിൽ മത്സരിക്കുന്ന ത്രിപുരയിലെ  പ്രചാരണത്തിന് രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവരും സംസ്ഥാനത്തെത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കൻമാർ തുടങ്ങിയ വൻ നിരയാണ് ബിജെപി പ്രചാരണത്തിൽ പങ്കെടുക്കുന്നത്. പ്രചാരണത്തിൻറെ അവസാനദിവസമായ  ഫെബ്രുവരി പതിമൂന്നിനാകും മോദി ത്രിപുരയിൽ എത്തുകയെന്നാണ് സൂചന. രഥയാത്ര ഉദ്ഘാടനം ചെയ്യാൻ ജനുവരി അഞ്ചിന് സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ വീണ്ടും ത്രിപുരയിലെത്തും. 

അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി,സിനിമ താരം മിഥുൻ ചക്രബർത്തി എന്നിവർ ഇപ്പോൾ സംസ്ഥാനത്ത് പ്രചരണത്തിലാണ്. വീടു കയറിയുള്ള പ്രചാരണത്തിന് മുഖ്യമന്ത്രി മണിക് സാഹയും നേതൃത്വം നൽകുന്നുണ്ട്. അതേസമയം പ്രകടനപത്രിക പുറത്തിറക്കിയ കോൺഗ്രസ് സിപിഎം പാർട്ടികൾ ഉടൻ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി. സിപിഎമ്മിനായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ കേന്ദ്രനേതാക്കൾ പ്രചാരണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിന് എത്തിയേക്കും. 

രാഹുൽഗാന്ധി,  മല്ലികാർജ്ജുൻ ഖർഗെ പ്രിയങ്ക ഗാന്ധി തുടങ്ങ ദേശീയ നേതാക്കൾ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായും പ്രചാരണം നടത്തും. എന്നാൽ സിപിഎം കോൺഗ്രസ് സ്ഥാനാർത്ഥികൾ ധാരണയിൽ മത്സരിക്കുന്ന ത്രിപുരയിൽ സംയുക്ത പ്രചാരണമുണ്ടാകുമോയെന്നതിൽ  വ്യക്ത വന്നിട്ടില്ല. തൃണമൂൽ കോൺഗ്രസിൻറെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നാളെ  ത്രിപുരയിലേക്ക് എത്തുന്നുണ്ട്.

click me!