
കൊച്ചി: പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ആണ് ബിജെപി നടത്തുന്നതെന്നും വിഡി സതീശൻ. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുകയാണ് ബിജെപി. കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നൽകിയത്.
സിപിഐഎമ്മും ഹീനമായ രാഷ്ട്രീയ പ്രചാരണം നടത്തുന്നു. അടൂരിലെ സ്ഥാനാർത്ഥി ഒരു കൊലക്കേസിലും പ്രതിയല്ല. പറവൂരിൽ തനിക്കെതിരെ നോട്ടീസ് വിതരണം ചെയ്യുന്നു. കൈപ്പമംഗലത്തെ കമ്മിറ്റിയുടെ പേരിലാണ് നോട്ടീസ് പ്രിന്റ് ചെയ്ത് പറവൂരിൽ വിതരണം ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചുകൂടി ജാഗ്രതയോടെ ഇടപെടണമെന്നും വിഡി സതീശൻ പറഞ്ഞു. സർവീസ് വോട്ടുകൾ ചെയ്യാൻ വൈകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ്. ബാലറ്റ് പോലും സമയത്തിന് എത്തിക്കാൻ ആകാതെ എന്ത് തെരഞ്ഞെടുപ്പാണ് കമ്മീഷൻ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
വയനാട് കോണ്‍ഗ്രസ് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് എംവി നികേഷ് കുമാര്‍ ഉന്നയിച്ച ചോദ്യങ്ങളോടും വിഡി സതീശൻ പ്രതികരിച്ചു. തന്നോട് ചോദ്യം ചോദിക്കാൻ ആരാണ് നികേഷ്‍കുമാര്‍ എന്ന് ചോദിച്ച സതീശൻ, നികേഷ് കുമാര്‍ എകെജി സെന്‍ററിലെ പ്യൂണിനോടോ അറ്റന്‍ഡര്‍മാരോടോ ചോദ്യങ്ങള്‍ ചോദിച്ചാൽ മതിയെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam