
കൊച്ചി: യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയിട്ടും ബിജെപിക്ക് ഒരു സ്ഥാനാര്‍ഥിയില്ലാത്തതിന്‍റെ നിരാശയിലാണ് എറണാകുളത്തെ ബിജെപി പ്രവര്‍ത്തകര്‍. ചുവരെല്ലാം ബുക്ക് ചെയ്ത്, പ്രചാരണം കത്തിച്ചുപിടിക്കാൻ കാത്തിരിക്കുമ്പോഴും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇങ്ങനെ നീണ്ടുപോവുകയാണ്.
സംവിധായകന്‍ മേജര്‍ രവിയുടെ പേരാണ് മണ്ഡലത്തില്‍ നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ ആ നിമിഷം കച്ച മുറുക്കി ഇറങ്ങാൻ തയ്യാറായി നില്‍ക്കുകയാണ് മേജര്‍ രവിയും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് ഉടൻ തന്നെ പ്രചാരണത്തിനിറങ്ങുമെന്ന് മേജര്‍ രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ബിജെപിക്കകത്ത് മേജര്‍ രവിയോട് എതിര്‍പ്പുള്ളവരുമുണ്ട് എന്നതാണ് സത്യം. മേജര്‍ രവിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും ജില്ലയിലെ ബിജെപിക്കകത്ത് വിയോജിപ്പ് നിലനില്‍ക്കുന്നുണ്ട്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിക്കപ്പെടാതെ ഒരു നീക്കവും നടത്താനുമാകാത്ത സാഹചര്യമാണ്.
മേജര്‍ രവിയെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന്‍റെ അടക്കം പറച്ചില്‍.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതിന്‍റെ പി രാജീവിന് വേണ്ടി പ്രചാരണവേദിയിലെത്തിയ ആളാണ് മേജര്‍ രവി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോടും അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഇതെല്ലാം തിരിച്ചടിയാവുമെന്നാണ് ചര്‍ച്ച.
കെഎസ് രാധാകൃഷ്ണന്‍, സിജി രാജഗോപാല്‍ എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകളാണ് ഇതിന് മുമ്പ് എറണാകുളത്ത് ബിജെപിക്കായി ഇക്കുറി ഉയര്‍ന്നുകേട്ടത്. ഏറ്റവും ഒടുവിലായി അത് മേജര്‍ രവി വരെ എത്തിനില്‍ക്കുന്നു.
2014ല്‍ എഎൻ രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ 11.63 ശതമാനമായിരുന്നു മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതം. കഴിഞ്ഞ തവണ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ചപ്പോള്‍ 14.28 ശതമാനമായി ഇത് ഉയര്‍ന്നു. ജയസാധ്യതയൊട്ടുമില്ലാത്ത മണ്ഡലങ്ങളുടെ പട്ടികയിലാണ് ബിജെപിക്ക് എറണാകുളം. എങ്കിലും പൊരുതാനെങ്കിലും ഒരാള്‍ വേണ്ടെയന്ന് ചോദിക്കുകയാണ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍.
Also Read:- 'ടൊവിനോയുടെ ചിത്രം ഉപയോഗിക്കരുത്'; സിപിഐക്ക് നോട്ടീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam