
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം. സെക്രട്ടറിയേറ്റിൽ നിന്നും മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ നാല് പേർ ആര്യാ രാജേന്ദ്രനെതിരെ കരിങ്കൊടി വീശിയത്. യൂത്ത് ലീഗ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
Also Read: 'കത്ത് എന്‍റേതല്ല, ഉറവിടം അന്വേഷിക്കണം', മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെന്ന് മേയര്‍
അതേസമയം, കത്ത് വിവാദത്തിൽ മേയര്‍ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണുന്നതിന് മുൻപ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ടും മേയര്‍ നിലപാട് വിശദീകരിച്ചു. കത്ത് ആര് എന്തിന് തയ്യാറാക്കിയെന്നും എങ്ങനെ പുറത്തായെന്നും അന്വേഷിച്ച് നടപടി വേണമെന്നാണ് ആര്യ രാജേന്ദ്രൻ ആവശ്യപ്പെടുന്നത്. അന്വേഷണം നടക്കട്ടെ എന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നുമാണ് സിപിഎം നിലപാട്. പിൻവാതിൽ നിയമനം പാര്‍ട്ടി നയം അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
ജില്ലാ സെക്രട്ടറിക്ക് അയച്ചെന്ന് പറയുന്ന കത്തിനെ ചുറ്റിപ്പറ്റി വ്യാജ പ്രചരണമാണ് നടക്കുന്നതെന്നും അന്വേഷണം വേണമെന്നാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനിലിന്‍റേയും ആവശ്യം. പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ കൂടിയായ ഡിആര്‍ അനിലിനേയും ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും കൗൺസിലിലെ മുതിര്‍ന്ന അംഗവുമായ സലീമിനേയും വിളിച്ച് വരുത്തി ജില്ലാ നേതൃത്വം വിവരങ്ങളന്വേഷിച്ചു. കോര്‍പറേഷൻ ഭരണസമിതിയേയും സിപിഎമ്മിനേയും ഒരു പോലെ പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിന് പുറമെ പാര്‍ട്ടി തലത്തിലും അന്വേഷണമുണ്ടാകും. നടപടിയും വരും.