
കോഴിക്കോട്: കോഴിക്കോട് കാരയാട് ബിഎൽഒ കുഴഞ്ഞു വീണു. അരിക്കുളം കെപിഎംഎസ് സ്കൂളിലെ അധ്യാപകൻ അബ്ദുൽ അസീസ് ആണ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐആർ ഫോം തിരിച്ചു വാങ്ങാനുള്ള ക്യാമ്പിൽ പങ്കെടുത്ത ശേഷം വീട്ടിൽ എത്തിയപ്പോളാണ് കുഴഞ്ഞു വീണത്. സംസ്ഥാനത്താകെ ബിഎൽഒമാർക്ക് ജോലിഭാരം താങ്ങാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ആക്ഷേപം. കണ്ണൂർ പയ്യന്നൂരിൽ ഒരു ബിഎൽഒ ആത്മഹത്യ ചെയ്തിരുന്നു.
പയ്യന്നൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം ഭീഷണി വ്യക്തമാക്കുന്ന കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ കത്ത് പുറത്ത് വന്നു. കോൺഗ്രസ് ബിഎൽഎ വൈശാഖ് ജില്ലാ കളക്ടർക്ക് അയച്ച പരാതിയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ആത്മഹത്യ സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്നും വിശദമായ റിപ്പോർട്ടിനു ശേഷമെ കാര്യങ്ങളിൽ വ്യക്തതയുണ്ടാവുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.
ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണത്തിൽ സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടെന്ന ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ എട്ടാം തീയതി കോൺഗ്രസ് ബൂത്ത് ഏജന്റ് വൈശാഖ് ജില്ലാ കളക്ടർക്ക് അയച്ച പരാതിയാണിത്. സിപിഎമ്മുകാരുടെ വിലക്ക് കാരണം ബിഎൽഒ സഹകരിക്കുന്നില്ലെന്നും വോട്ടർപട്ടികയിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നും ഇടപെടണമെന്നും പരാതിയിൽ പറയുന്നു. പരാതി നൽകാൻ അനീഷ് ജോർജ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് ബൂത്ത് ഏജന്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
എന്നാൽ ഒരുതരത്തിലുമുള്ള ഭീഷണിയും പാർട്ടി നേതാക്കളിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് ആവർത്തിക്കുകയാണ് സിപിഎം. മരണം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് കലക്ടർ സമർപ്പിച്ചു. വിശദമായ റിപ്പോർട്ടിന് കാത്തിരിക്കുന്നു. അനീഷിന്റെ ആത്മഹത്യയിൽ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് വൈകാതെ രേഖപ്പെടുത്തും.