
കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി ചെമ്മന്നൂർ പ്രതികൂട്ടിൽ തളർന്നു ഇരുന്നു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ജനറൽ ആശുപത്രിയിലേക്കാകും കൊണ്ട് പോകുക.
നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്നാണ് വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അഡ്വ. രാമൻ പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി കോടതിയിൽ ഹാജരായത്. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്നും മുഴുനീളം സമൂഹമാധ്യമങ്ങളിൽ, വാർത്തകളിൽ നിറഞ്ഞ് നടി പബ്ലിസിറ്റിയുണ്ടാക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ശരീരത്തിൽ സ്പർശിച്ചു എന്ന് പറയുന്നത് തെറ്റാണ്. പരാതിയിൽ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്തി ദേവി പരാമർശത്തിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും വ്യാജ ആരോപണമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമെന്നും അഡ്വ. രാമൻപിള്ള വാദിച്ചു.
എന്നാൽ, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഡിജിറ്റൽ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ ഘട്ടത്തിൽ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. പരാതിക്കാരിയുടെ പരാതി കോടതിയിൽ പ്രോസിക്യൂഷൻ വായിച്ചു കേള്‍പ്പിച്ചു. പ്രതി മനപൂര്‍വം നടത്തിയ കുറ്റമാണിത്. ക്ഷണിതാവ് ആയതുകൊണ്ടാണ് അന്ന് പരാതിക്കാരി പ്രതികരിക്കാതിരുന്നത്. എന്നാൽ, നടി നടന്മാരുടെ സംഘടന അമ്മ ബോബിയുടെ മാനേജറോട് പ്രതിഷേധം അറിയിച്ചിരുന്നു. മറ്റു പരിപാടികള്‍ക്ക് ക്ഷണം ലഭിച്ചപ്പോള്‍ നിരസിച്ചു. എന്നാൽ, അഭിമുഖങ്ങള്‍ വഴി ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപം തുടര്‍ന്നു.സമൂഹത്തിലെ ഉന്നത സ്ഥാനത് ഉള്ള വ്യക്തിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും. ജാമ്യം അനുവദിച്ചാൽ സമൂഹമാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാകും. സാക്ഷികളെ സ്വാധീനിക്കും. രാതിയിൽ പറയുന്ന ദിവസം തന്നെ പരാതി മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam