വിദേശത്ത് മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

By Web TeamFirst Published Apr 1, 2020, 11:02 PM IST
Highlights

ലോക്ക്ഡൗണിനെ തുടര്‍ന്ന് പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കാര്‍ഗോ എയര്‍ലൈന്‍സ് വഴിയാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിയതെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു

കൊച്ചി: വിദേശത്ത് വച്ച് മരണപ്പെട്ട് നാല് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. യുഎഇയില്‍ മരിച്ച തൃശൂര്‍ സ്വദേശി തോമസ് വര്‍ഗ്ഗീസ് (57), മലപ്പുറം സ്വദേശി അബ്ദുള്‍ റസാഖ്(50), ആലപ്പുഴ സ്വദേശി മനു എബ്രഹാം (27), കൊല്ലം സ്വദേശി വിഷ്ണു രാജ്(26) എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് രാത്രി എട്ട് മണിയോടെ എത്തിച്ചത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ കാര്‍ഗോ എയര്‍ലൈന്‍സ് വഴിയാണ് മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിയതെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ട് വരുന്നതിനും വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മടങ്ങിപ്പോകുന്നതിനും നോര്‍ക്കയുടെ എമര്‍ജന്‍സി  ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, ഒമാനിലെ ബുറൈമിയില്‍ വെട്ടേറ്റു മരണമടഞ്ഞ തൃശൂര്‍ സ്വദേശി രാഗേഷ് രാജന്റെ മൃതദേഹം മസ്‌ക്കറ്റില്‍ നിന്ന് നാളെ നാട്ടിലെത്തിക്കും. ദോഹ വഴി ഖത്തര്‍ എയര്‍വേസിന്റെ കാര്‍ഗോ വിമാനത്തില്‍ നാളെ രാവിലെ 11.30ന് രാഗേഷ് രാജന്റെ മൃതശരീരം ബംഗളൂരുവില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം തൃശൂരിലെ രാഗേഷിന്റെ വീട്ടിലേക്കും എത്തിക്കും.
 

click me!